മങ്കി പോക്സിന് വലിയ വ്യാപനശേഷി ഇല്ല; യുവാവ് മരിച്ച സംഭവം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി
തൃശൂരിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എന്ത് കൊണ്ട് ആശുപത്രിയിൽ ചികിത്സ തേടാൻ വൈകിയെന്നതടക്കമുള്ള കാര്യങ്ങൾ ഉന്നതതല സംഘം പരിശോധിക്കും. യുവാവിൻറെ സാമ്പിൾ ഒരിക്കൽ കൂടി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിക്കും. പകർച്ച വ്യാധി ആണങ്കിലും മങ്കി പോക്സിന് വലിയ വ്യാപനശേഷി ഇല്ലെന്നും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും വീണ ജോർജ് പറഞ്ഞു.
മങ്കിപോക്സ് മൂലം സാധാരണ ഗതിയിൽ മരണമുണ്ടാകാനുള്ള സാധ്യതയില്ലെന്നും മങ്കിപോക്സ് ലക്ഷണങ്ങളില്ലാതിരുന്ന യുവാവ് തൃശൂരിൽ ചികിത്സ തേടിയത് കടുത്ത ക്ഷീണവും മസ്തിഷ്ക ജ്വരവും മൂലമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദേശ രാജ്യത്ത് വച്ച് നടത്തിയ ഇയാളുടെ മങ്കിപോക്സ് പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇന്നലെയാണ് ബന്ധുക്കൾ തൃശൂരിലെ ആശുപത്രി അധികൃതർക്ക് നൽകിയതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
യുവാവിന് മറ്റ് ചില സംശയങ്ങൾ ഉണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്. മറ്റിടങ്ങളിൽ രോഗബാധിതരുമായി ഇടപെട്ട ആളുകൾക്ക് അസുഖമുണ്ടായില്ല എന്നത് ആശ്വാസകരമാണ്. മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിലും കാര്യമായ രോഗത്തെ കുറിച്ച് കാര്യമായ പഠനങ്ങൾ നടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.