കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ അടിയന്തര ഇടപെടലുമായി ഹൈക്കോടതി
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളെക്കുറിച്ച് അറിയിക്കാൻ ഹൈക്കോടതിയുടെ നിർദേശം. കാലാവധി അവസാനിച്ച സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് അറിയിക്കേണ്ടത്. വിഷയത്തിൽ സർക്കാരിന് എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്നും വിശദീകരണം നൽകണം. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ടി.ആർ രവിയുടേതാണ് ഉത്തരവ്.
മരിച്ച ഫിലോമിനയുടെ കുടുംബത്തെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് മന്ത്രി ആർ. ബിന്ദുവിൻ്റെ ഇരിങ്ങാലക്കുടയിലെ ഓഫീസ് വളയുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. നാളെ രാവിലെ 9.30നാണ് കോൺഗ്രസ് സമരം നടത്തുന്നത്.
മന്ത്രി ആർ. ബിന്ദുവിൻ്റെ പരാമർശത്തിൽ ദു:ഖമുണ്ടെന്ന് ഫിലോമിനയുടെ ഭർത്താവ് ദേവസി പ്രതികരിച്ചിരുന്നു. ഫിലോമിനയുടെ മൃതദേഹം പൊതുസ്ഥലത്ത് വച്ച് ഷോ കാണിക്കുക എന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. മൃതദേഹം റോഡിൽ വച്ച് തനിക്ക് ഒന്നും നേടാനില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതുജന ശ്രദ്ധ കിട്ടാൻ ആയിരുന്നില്ല ഇത് ചെയ്തത്. മറ്റേതു തരത്തിലാണ് തനിക്കുണ്ടായ ബുദ്ധിമുട്ട് പ്രകടിപ്പിക്കുകയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ബാങ്കിൽ നിന്ന് നേരിടേണ്ടി വന്നത് കടുത്ത അപമാനമാണെന്നും ഭാര്യയുടെ ചികിത്സയ്ക്കായി അടുത്തിടെയാണ് പണം ആവശ്യപ്പെട്ടതെന്നും ദേവസി പറയുന്നു. എന്നാൽ മരിച്ച ഫിലോമിനയ്ക്ക് ആവശ്യമായ തുക നൽകിയെന്നാണ് മന്ത്രി പറഞ്ഞത്. സഹകരണ ബാങ്കുകളിലെ നിക്ഷേപകർ ആശങ്കപ്പെടേണ്ടെന്നും ആവശ്യമുള്ള ഘട്ടത്തിൽ പണം ലഭ്യമാക്കാനുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനാൽ മികച്ച ചികിത്സ ലഭിക്കാതെ വയോധിക മരിച്ച സംഭവത്തിൽ കരുവന്നൂർ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാണ്.
ഇതിനിടെ കരുവന്നൂർ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിക്ഷേപകയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പാതയോരത്ത് മൃതദേഹം പ്രദർശനം നടത്തിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും നിക്ഷേപകർ ആശങ്കപ്പെടരുതെന്നും മന്ത്രി ആർ. ബിന്ദുവും വ്യക്തമാക്കി. നിക്ഷേപകരോട് മോശമായി പെരുമാറുന്ന ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയുണ്ടാകണമെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി ആവശ്യപ്പെട്ടു.