Wednesday, April 16, 2025
Kerala

വെള്ളപ്പൊക്കത്തെ നേരിടാനൊരുങ്ങി കുട്ടനാട്; മഴ കനത്താല്‍ അപ്പര്‍ കുട്ടനാട് ദുരിതക്കയത്തില്‍

മഴ ശക്തമായി പെയ്യാന്‍ ആരംഭിച്ചാല്‍ ആദ്യം തന്നെ വെള്ളപ്പൊക്കം ഉണ്ടാകുന്ന പ്രദേശമാണ് തിരുവല്ല ഉള്‍പ്പെടുന്ന അപ്പര്‍ കുട്ടനാടന്‍ മേഖല. പമ്പയിലെയും, അച്ചന്‍കോവിലാറിലെയും, മണിമലയാറിലെയും അടക്കം വെള്ളം എത്തുന്നു എന്നതിനപ്പുറം ഒഴുകിയെത്തുന്ന വെള്ളം പോകേണ്ട മാര്‍ഗങ്ങള്‍ അടഞ്ഞുകിടക്കുന്നതാണ് വര്‍ഷങ്ങളായി അപ്പര്‍കുട്ടനാടിന്റെ പ്രധാന ദുരിതം .ഏറ്റവും കൂടുതല്‍ വെള്ളം എസി കനലിലേക്ക് പോകേണ്ട പെരുമ്പുഴക്കടവ്‌തോട് 90 ശതമാനവും അടഞ്ഞുകിടക്കുന്നതും അപ്പര്‍ കുട്ടനാടിന്റെ ദുരിതം വര്‍ദ്ധിപ്പിക്കുന്നു.

പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ നിന്നും ഉള്‍പ്പെടെയുള്ള മലവെള്ളം ഒഴുകിയെത്തിയാല്‍ എസി കനലിലേക്ക് പോകേണ്ട പ്രധാന തോടാണ് അടഞ്ഞുകിടക്കുന്നത്. ചങ്ങനാശ്ശേരിയിലെ പൂവം നിവാസികള്‍ക്ക് പെരുമ്പുഴക്കടവിന് മുകളിലൂടെ പാലം നിര്‍മ്മിക്കാനാണ് തോടിന് കുറുകെ അപ്പ്രോച്ച് റോഡ് നിര്‍മ്മിച്ചത്. അഴിമതിയില്‍ കുരുങ്ങി പാലം പണി നിലച്ചതോടെ അപ്രോച്ച് റോഡ് സ്ഥിരം പാതയായി ഇതോടെ അപ്പര്‍ കുട്ടനാട്ടില്‍ നിന്ന് വെള്ളം ഒഴുകിയെത്തി പുറത്തേക്ക് പോകേണ്ട വഴി പൂര്‍ണമായും അടഞ്ഞു.

പെരുമ്പുഴക്കടവ് തോട് 45 മീറ്ററില്‍ ഏറെ വീതിയുള്ളതാണ്. നിലവില്‍ രണ്ട് ചെറിയ പൈപ്പുകളിലൂടെയാണ് അപ്പര്‍ കുട്ടനാട്ടില്‍ നിന്ന് എത്തുന്ന വലിയ അളവിലുള്ള വെള്ളം കടന്നു പോകാന്‍. ഈ താമസമാണ് തിരുവല്ല ഉള്‍പ്പെടുന്ന അപ്പര്‍ കുട്ടനാടന്‍ മേഖലയെ ദിവസങ്ങളോളം വെള്ളത്തിനടിയിലാക്കുന്നതും.

അപ്പര്‍ കുട്ടനാട് ശാപമായി നില്‍ക്കുന്ന പെരുമ്പഴത്തോടിന് കുറുകെയുള്ള പാലം പൊളിച്ച് പുതിയപാലം നിര്‍മ്മിച്ചാലേ യഥാര്‍ത്ഥ പ്രശ്‌നത്തിന് പരിഹാരമാകൂ. അതിന് തിരുവല്ല ചങ്ങനാശ്ശേരി എംഎല്‍എമാരും ജില്ലാ ഭരണകൂടങ്ങളുമാണ് ഇടപെടേണ്ടത്. എല്ലാവര്‍ഷവും വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ അടുത്തവര്‍ഷം പാലം വരും എന്ന പറയുന്നതല്ലാതെ ഒരു ഇടപെടലും ഉണ്ടാകുന്നില്ല. ഈ വര്‍ഷവും മഴക്കാലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്ക് വെള്ളപ്പൊക്കത്തെ നേരിടാന്‍ ഒരുങ്ങുകയാണ് അപ്പര്‍കുട്ടനാട്.
സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധ അടിയന്തരമായി പതിച്ചാല്‍ മാത്രമേ അടുത്ത വര്‍ഷമെങ്കിലും അപ്പര്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് കുറച്ച് കുറവെങ്കിലും ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *