സൂര്യ ഗായത്രി വധക്കേസ്; പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷ, അഞ്ചു ലക്ഷം രൂപ പിഴയും
നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിലെ പ്രതി അരുണിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അഞ്ചുലക്ഷം രൂപ പിഴയും നൽകണം. പിഴത്തുക സൂര്യഗായത്രിയുടെ അ്ച്‌ഛനമ്മമാർക്ക് നൽകണം.
2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചാണ് 20 കാരിയായ മകളെ പ്രതി കൊലപ്പെടുത്തിയത്.
നാട്ടുകാർ പിടികൂടിയപ്പോള്‍ വിവാഹ വാദ്ഗാനം നിരസിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അരുണ്‍ സമ്മതിച്ചു. ഈ സാക്ഷി മൊഴികള്‍ നിർണായകമായി. വീട്ടിലെത്തി സംസാരിക്കുമ്പോള്‍ സൂര്യഗായത്രി കത്തി എടുത്ത് കുത്താൻ ശ്രമിച്ചപ്പോള്‍ പിടിച്ചുവാങ്ങി തിരിച്ചാക്രമിച്ചുവെന്ന് അരുണിൻെറ അഭിഭാഷകൻ വാദിച്ചു. എന്നാൽ അക്രമത്തിനിടെ പരിക്കേറ്റ അരുണിനെ ചികിത്സിച്ച ഡോക്ടർ ഈ വാദം തള്ളി.
സൂര്യഗായത്രിയെ കുത്തിയ ശേഷം കത്തി മടക്കിയപ്പോഴാണ് അരുണിന് പരിക്കേറ്റതെന്ന പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടറുടെ മൊഴിയും നിർണായകമായി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീൻ ഹാജരായി. ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പ്രതിയായ അരുണ്‍ അറസ്റ്റ് ചെയ്ത അന്നു മുതൽ ജയിലിലാണ്.
തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. പ്രതി കുറ്റക്കാരനാണെന്ന് വ്യാഴാഴ്‌ച്ച കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, അതിക്രമിച്ച് കടക്കല്‍, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായാണ് കോടതി കണ്ടെത്തിയത്.