ഉത്ര വധക്കേസ്; പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം
കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രതി സൂരജി 27)ന് ജീപര്യന്തം തടവുശിക്ഷ. നാല് കേസുകളിലും പ്രതി ജീവപര്യന്തം തടവ് അനുഭവിക്കണം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. കൊല, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ സൂരജ് ചെയ്തിട്ടുണ്ടെന്നും കോടതി. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ചും മുന്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതിനാലും സുപ്രീം കോടതി നിഷ്‌കര്‍ഷിക്കുന്ന നിയമ പ്രകാരം സൂരജിന് നാല് കേസുകളിലും ജീവപര്യന്തം തടവും, അഞ്ച് ലക്ഷം രൂപ പിഴയും വിധിക്കുകയായിരുന്നു.
മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ ക്രൂരമായി കൊലപ്പെടുത്തിയ അത്യപൂര്‍വമായ കേസില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജിന്റെ(27)പേരില്‍ ആസൂത്രിത കൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷം നല്‍കി പരിക്കേല്‍പ്പിക്കല്‍ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. 2020 മേയ് ആറിനു രാത്രി സ്വന്തം വീട്ടില്‍ വെച്ച് പാമ്പുകടിയേറ്റ ഉത്രയെ, ഏഴിനു പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്, മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംസ്ഥാനത്ത് പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്. നേരത്തെ ഇത്തരത്തില്‍ രണ്ട് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൂനെയിലും, നാഗ്പൂരിലും റിപ്പോര്‍ട്ട് ചെയ്ത കേസില്‍ പക്ഷെ തെളിവുകളുടെ അഭാവത്തില്‍ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
സ്ത്രീധനം എന്ന ദുരാചാരത്തിന്റെയും ഇരയായി ആണ് കൊല്ലം അഞ്ചലിലെ ഉത്ര കൊല്ലപ്പെടുന്നത്. ഉത്രയ്ക്ക് കുടുംബം വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണത്തിനു പുറമേ മറ്റു സ്വത്തുക്കളും കൂടി സ്വന്തമാക്കാനായിരുന്നു ദാരുണമായ കൊലപാതകം. സ്ത്രീധനത്തിനെതിരെ ശക്തമായ സന്ദേശം നല്‍കുന്ന വിധി കൂടിയാണ് ഇന്നുണ്ടായിരിക്കുന്നത്.