Saturday, January 4, 2025
Kerala

വന സൗഹൃദ സദസ്സ് ഏപ്രില്‍ 2 മുതൽ 28 വരെ; ഉദ്ഘാടനം മാനന്തവാടിയില്‍ മുഖ്യമന്ത്രി നിർവഹിക്കും

സംസ്ഥാനത്തെ മലയോര പ്രദേശങ്ങളില്‍ വനാതിര്‍ത്തികള്‍ പങ്കിടുന്ന വിവിധ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, എം.എല്‍.എ-മാര്‍, വനം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് നിശ്ചയിച്ച 20 കേന്ദ്രങ്ങളില്‍ ‘വന സൗഹൃദ സദസ്സ്’ സംഘടിപ്പിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ രണ്ടിന് രാവിലെ പത്തരയ്ക്ക് മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ 223 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് വന സൗഹൃദ സദസ്സ് സംഘടിപ്പിക്കുന്നത്. വിവിധയിടങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ മറ്റ് വകുപ്പു മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. പരിപാടി ഏപ്രില്‍ 28-ന് തിരുവനന്തപുരം ജില്ലയിലെ ആര്യനാട് സമാപിക്കും. ജനങ്ങളും വകുപ്പും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉറപ്പിക്കുന്നതിനും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമയബന്ധിതമായും ന്യായമായും പരിഹരിക്കുവാനും മേഖലയില്‍ സൗഹാര്‍ദ്ദ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് വന സൗഹൃദ സദസ്സുകൊണ്ട് ഉദ്ദേശിക്കുന്നത്.

ജില്ലകളില്‍ നിശ്ചയിക്കപ്പെട്ട 20 വേദികളില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നേരില്‍ കേള്‍ക്കും. വിവിധ ഓഫീസുകളില്‍ ഇതിനകം ലഭിച്ച പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കല്‍, മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിദഗ്ദ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സ്വീകരിയ്ക്കുക, വകുപ്പു കൈക്കൊണ്ടതും സ്വീകരിച്ചുവരുന്നതുമായ പദ്ധതികള്‍ സംബന്ധിച്ച് വിശദീകരണം നല്‍കല്‍ എന്നിവ വന സൗഹൃദ സദസ്സില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *