പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ സംഭവം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ
കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചുകടന്ന പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. ചേവായൂർ പോലീസ് സ്‌റ്റേഷനിൽ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പേരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്
ഗ്രേഡ് എ.എസ്.ഐ എം സജി, സിപിഒ ദിലീഷ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. അന്വേഷണം പൂർത്തിയായാൽ ഇവർക്കെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ച് എസിപി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മീഷണറുടെ നടപടി
അതേസമയം പിടിയിലായ യുവാക്കൾ നിരപരാധികളാണെന്ന പെൺകുട്ടികളുടെ വെളിപ്പെടുത്തൽ പരിശോധിക്കുമെന്നും കമ്മീഷണർ എ വി ജോർജ് പറഞ്ഞു. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാക്കൾക്കെതിരെ കേസെടുത്തതെന്നും കമ്മീഷണർ അറിയിച്ചു.