സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല നിയന്ത്രണം; യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല
സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല നിയന്ത്രണം. രാത്രിയിൽ ഒരുവിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം. ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം രാത്രി പത്ത് മണി മുതൽ രാവിലെ അഞ്ച് മണി വരെ അനുവദിക്കില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. രാത്രികാല നിയന്ത്രണം ഉള്ളതിനാൽ തീയറ്ററുകളിൽ രാത്രി പത്ത് മണിക്കുള്ള പ്രദർശനങ്ങളും വിലക്കിയിട്ടുണ്ട്. കടകൾ രാത്രി പത്ത് മണിക്ക് അടയ്ക്കണമെന്നും നിർദേശമുണ്ട്.
ഹോട്ടലുകൾ, ബാറുകൾ, റസ്‌റ്റോറന്റുകൾ എന്നിവക്കും നിയന്ത്രണം ബാധകമാണ്. അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് നിർദേശം. ഇവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതണം. ന്യൂ ഇയർ ആഘോഷങ്ങളൊന്നും പത്ത് മണിക്ക് ശേഷം പാടില്ല. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താകും രാത്രികാല നിയന്ത്രണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക.