Monday, March 10, 2025
Kerala

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം: വസ്തുവിന്റെ ഉടമസ്ഥാവകാശം സർക്കാർ പരിശോധിക്കും

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച വസ്തുവിന്റെ ഉടമസ്ഥാവകാശം പരിശോധിക്കാൻ ജില്ലാ കലക്ടർ തഹസിൽദാരെ ചുമതലപ്പെടുത്തി. കോടതി ഉത്തരവ് നടപ്പാക്കാൻ തിടുക്കം കാണിച്ച പോലിസുകാർക്കെതിരേ നടപടി വേണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. സംഭവത്തിൽ പോലിസിന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കാൻ റൂറൽ എസ്പി ബി അശോകന്റെ നേതൃത്യത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. അച്ഛൻറയും അമ്മയുടേയും മരണത്തിന്റെ ഞെട്ടലിലാണ് നെയ്യാറ്റിൻകര പോങ്ങിൽ ലക്ഷം വീട് കോളനിയിലെ വീട്ടിൽ മക്കളായ ര‍ഞ്ജിത്തും രാഹുലും. രാജന്റെയും അമ്പിളിയുടേയും മരണത്തിന് കാരണമായ വസ്തുവിന്റെ ഉടമസ്ഥാവകാശത്തിന്റെ നിജസ്ഥിതി പരിശോധിക്കുകയാണ് സർക്കാർ.

ലക്ഷം വീട് കോളനിയിലെ സ്ഥലം കൈമാറിക്കിട്ടിയതാണെന്നാണ് പരാതിക്കാരിയായ രാജന്റെ അയൽവാസി വസന്തയുടെ വാദം. പട്ടയം ഉണ്ടെന്ന് വസന്ത പറയുമ്പോൾ ഇല്ലെന്നായിരുന്നു രാജന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് കലക്ടർ നെയ്യാറ്റിൻകര തഹസിൽദാറോട് റിപോർട്ട് തേടിയത്. അതേസമയം, രാജന്റെ മക്കളുടെ പുനരധിവാസത്തിൽ അടിയന്തിരമായി എന്ത് ചെയ്യണമെന്നതിൽ കലക്ടർ ഇന്ന് മുഖ്യമന്ത്രിക്ക് റിപോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ ചേരുന്ന മന്ത്രിസഭാ യോഗം തുടർനടപടികൾ തീരുമാനിക്കും. രാജനെയും കുടുംബത്തെയും ഒഴിപ്പിക്കണമെന്ന മുൻസിഫ് കോടതിയുടെ ഉത്തരവിനെതിരായ അപ്പീൽ, ഹൈക്കോടതി പരിഗണിച്ച ദിവസം തന്നെ പോലിസ് തിടുക്കം കാട്ടിയെത്തിയതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. രാജന്റെ വീട് സന്ദർശിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പോലിസിനെതിരേ നടപടി ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *