Saturday, January 4, 2025
Kerala

അന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ മന്ത്രിസഭാ ഇന്ന് യോഗം പരിഗണിക്കും

അന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും. ഒരു വർഷമായി സർക്കാരിന്റെ പക്കലുള്ള കരട് ബിൽ, ഇലന്തൂർ നരബലിക്ക് പിന്നാലെയാണ് വീണ്ടും ജീവൻവെച്ചത്. ഗവർണറേ ചാനസിലർ സ്ഥാനത്തു നിന്ന് നീക്കുന്നതിനുള്ള കരട് ബില്ലും ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വരും. ഇതുൾപ്പെടെ തിങ്കളാഴ്ച ചേരുന്ന നിയമസഭാ സമ്മേളനത്തിൽ പരിഗണിക്കുന്നതിനുള്ള അഞ്ചു നിയമഭേദഗതികളുടെ കരടുകളാണ് ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കുക.

അതേസമയം സഹകരണ മേഖലയിലെ ക്രമക്കേടുകൾ തടയാനും സമ്പൂർണ പരിഷ്കരണവും ലക്ഷ്യമിട്ടുള്ള മൂന്നാം സഹകരണ ഭേദഗതി ബില്ലിന്റെ പരിഷ്കരിച്ച കരടും ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും. സഹകരണ ബാങ്കുകളുടെയും പ്രാഥമിക സഹകരണ സംഘങ്ങളുടെയും നിയന്ത്രണത്തിനുള്ള നിർദേശങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. സഹകരണസ്ഥാപനങ്ങളിലെ അറ്റൻഡന്റുമാർ, വാച്ച്മാൻമാർ തുടങ്ങിയ ലാസ്റ്റ്ഗ്രേഡ് നിയമനങ്ങൾ സഹകരണസ്ഥാപനങ്ങളുടെ ഭരണസമിതികളുടെ നിയന്ത്രണത്തിൽ നിന്ന് മാറ്റി സഹകരണ പരീക്ഷാബോർഡിന് വിടണമെന്നും കരട് ബില്ലിൽ ശുപാർശയുണ്ടെന്നാണറിയുന്നത്.

അഭിഭാഷക ക്ഷേമനിധി ഭേദഗതിബിൽ, മുദ്രപ്പത്ര ഭേദഗതി ബിൽ എന്നിവയുടെ കരട് രൂപങ്ങളും ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. നിലവിലെ ഓർഡിനൻസുകൾക്ക് പകരമുള്ള മറ്റ് ചില ബില്ലുകളും പരിഗണനയിലുണ്ടെങ്കിലും സഭാസമ്മേളനത്തിന്റെ സമയക്രമം നോക്കിയാവും ഇവ പരിഗണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *