ഇന്ന് മന്ത്രിസഭാ യോഗം; ഓര്‍ഡിനന്‍സ് പുതുക്കലില്‍ ചര്‍ച്ച
ഓര്‍ഡിനന്‍സ് പുതുക്കലില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഇന്ന് മന്ത്രിസഭാ യോഗം ചേരും. 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായ സാഹചര്യം മന്ത്രിസഭാ യോഗം വിലയിരുത്തും.തുടര്‍ നടപടികളും ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി ഗവര്‍ണറെ കണ്ട ശേഷമേ നിയമസഭ ചേരുന്നത് അടക്കമുള്ള ആലോചനകളിലേക്ക് സര്‍ക്കാര്‍ കടക്കൂ. വാട്ടര്‍ അതോറിറ്റിയിലെ ശമ്പള പരിഷ്‌കരണവും ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും.
ലോകായുക്ത ഓര്‍ഡിനന്‍സ് ഉള്‍പ്പെടെയുള്ള 11 സുപ്രധാന ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തതിനെത്തുടര്‍ന്ന് അസാധുവായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അനുനയ നീക്കം ശക്തമാക്കി വരികയാണ്. ഓര്‍ഡിനന്‍സുകളില്‍ ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു. നിയമ നിര്‍മ്മാണത്തിനായി ഒക്ടോബറില്‍ നിയമസഭാ ചേരും. ഗവര്‍ണറെ നേരിട്ട് കണ്ട് ഓര്‍ഡിനസുകളില്‍ ഒപ്പിടണമെന്ന് ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചിരുന്നു.
ലോകായുക്ത നിയമ ഭേദഗതിയില്‍ അനുമതി നേടലാണ് സര്‍ക്കാരിന് പ്രധാനം. ഓര്‍ഡിന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ പഴയ ലോകായുക്ത നിയമം പ്രാബല്യത്തില്‍ വരും.