Saturday, January 4, 2025
Kerala

പക്ഷിപ്പനി; കേന്ദ്ര സംഘം ഇന്ന് ആലപ്പുഴയിൽ, പ്രതിരോധ നടപടികൾ വിലയിരുത്തും

പക്ഷിപ്പനിയെ കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘം ഇന്ന് ആലപ്പുഴയിൽ. സംഘം പ്രതിരോധ നടപടികൾ വിലയിരുത്തും. ഡൽഹി എയിംസിലെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേയും വിദഗ്ദരാണ് പ്രതിരോധ നടപടികൾ വിലയിരുത്താൻ എത്തുന്നത്. താറാവുകൾ ഉൾപ്പെടെ രോഗബാധ സ്ഥിരീകരിച്ച വളർത്ത് പക്ഷികളെ കൊല്ലുന്ന നടപടികൾ ഹരിപ്പാട് കേന്ദ്രീകരിച്ച് ആരംഭിച്ചിരുന്നു.

പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച വഴുതാനം പാടശേഖരത്തിന് ഒരു കിലോമീറ്റർ പരിധിയിലുള്ള വീടുകളിലെ വളർത്ത് പക്ഷികളെ ഇന്നലെ കൊന്നിരുന്നു. പ്രദേശത്തെ ചിലർ പക്ഷികളെ ഒളിപ്പിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ മേഖലകളിൽ കൂടുതൽ പരിശോധന നടത്തും. പ്രദേശത്ത് നാളെ അണുനശീകരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഹരിപ്പാട് മേഖലയിൽ പക്ഷികളുടെ ഉപയോഗവും കച്ചവടവും കടത്തലും നിരോധിച്ച് ഉത്തരവിറങ്ങി. എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *