പക്ഷിപ്പനി: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഏഴംഗ കേന്ദ്രസംഘം കേരളത്തിലേക്ക്
ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഉന്നതതല കേന്ദ്ര സംഘം കേരളത്തിലേക്ക്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെതാണ് തീരുമാനം. ഏഴംഗ സംഘത്തെയാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേരളത്തിലേക്ക് അയക്കുക. ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബര്‍കുലോസിസ് ആന്‍ഡ് റെസ്പിറേറ്ററി ഡിസീസസ്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്നതാണ് സംഘം. ബാംഗ്ലൂരിലെ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ റീജിയണല്‍ ഓഫീസിലെ സീനിയര്‍ ആര്‍ഡി ഡോ. രാജേഷ് കെദാമണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥിതിഗതികള്‍ വിലയിരുത്തുക.
ആലപ്പുഴയില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കാന്‍ ആരംഭിച്ചിട്ടുണ്ട്. രോഗബാധിത മേഖലയിലെ 20,471 താറാവുകളെയാണ് കൊല്ലുക. 15 തദ്ദേശ സ്ഥാപനങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പക്ഷിപ്പനി പ്രതിരോധ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി രോഗ ബാധിത മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 20000 ത്തോളം പക്ഷികളെ കൊല്ലാനാണ് തീരുമാനം. ആദ്യഘട്ടം ഇന്നാരംഭിക്കും. ഇതിനായി എട്ട് റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ക്രിസ്തുമസ് ഉള്‍പ്പടെയുള്ള സീസണ്‍ വിപണനം പ്രതീക്ഷിച്ച കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് അപ്രതീക്ഷിതമായി വന്ന പക്ഷിപ്പനി.