Monday, January 6, 2025
Kerala

കുരങ്ങ് വസൂരിയുടെ ഉറവിടം കണ്ടെത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ

രാജ്യത്തെ ആദ്യ കുരങ്ങ് വസൂരി കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും ആവശ്യമായ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കുന്നതിനുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോ​ഗിച്ച വിദ​ഗ്ധ സംഘം ഇന്ന് കേരളത്തിൽ. സംഘം സംസ്ഥാന ആരോഗ്യ വകുപ്പുകളുമായി ചേർന്നു പ്രവർത്തിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

ന്യൂഡൽഹിയിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളി (എൻ.സി.ഡി.സി)ലെ ജോയിന്റ് ഡയറക്ടർ ഡോ. സാങ്കേത് കുൽക്കർണി, ഡോ.ആർ.എം.എൽ ആശുപത്രിയിലെ മൈക്രോബയോളജി വകുപ്പിലെ അസോസിയേറ്റ് പ്രൊഫ ഡോ.അരവിന്ദ് കുമാർ അച്ഛ്‌റ, ഡെർമറ്റോളജിസ്റ്റ് ഡോ.അഖിലേഷ് തോലേ, ആരോഗ്യ കുടുംബക്ഷേമ കോഴിക്കോട് മേഖലാ അഡ്വൈസർ ഡോ.പി.രവീന്ദ്രൻ എന്നിവർക്ക് പുറമെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് കേന്ദ്രസംഘം.

സംഘം സംസ്ഥാന ആരോഗ്യ അധികാരികളുമായി ചേർന്ന് രോഗ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനെ അറിയിക്കും. ഒപ്പം ആരോഗ്യ മന്ത്രാലയത്തിലെ ദുരന്തനിവാരണ സെൽ കൈക്കൊണ്ട പൊതുജനാരോഗ്യ നടപടികൾ സംസ്ഥാന ഗവൺമെന്റിനെ ധരിപ്പിക്കുകയും ചെയ്യും.

ജൂലായ് 12ന് യുഎഇയിൽ നിന്ന് എത്തിയ കൊല്ലം സ്വദേശിക്കാണ് കുരങ്ങ് വസൂരി സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരാൾക്ക് ഈ രോഗം സ്ഥിരീകരിക്കുന്നത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിൾ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ ഇയാളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

രോഗം സ്ഥിരീകരിച്ച ആളിന്റെ മാതാപിതാക്കളും ഓട്ടോ-ടാക്സി ഡ്രൈവറുമടക്കം 11 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. രോഗി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 12ാം തീയതി യുഎഇയിൽ നിന്നെത്തിയ വിമാനത്തിലാണ് ഇയാൾ വന്നത്. കൊല്ലം ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ആശങ്കപ്പെടേണ്ടതില്ലെന്നും വളരെ അടുത്ത് സമ്പർക്കം പുലർത്തിയവർക്ക് മാത്രമാണ് രോഗം പടരാൻ സാധ്യതയുള്ളതെന്നും ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *