Thursday, January 9, 2025
Kerala

എ.കെ.ജി സെൻ്റർ ആക്രമണം: ജിതിൻ ഉപയോഗിച്ച സ്കൂട്ടർ കസ്റ്റഡിയിൽ

എ.കെ.ജി സെൻ്റർ ആക്രമണക്കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. പ്രതി ജിതിൻ ഉപയോഗിച്ച സ്കൂട്ടർ സംഘം കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തിന് സമീപം കഠിനംകുളത്ത് നിന്നുമാണ് ഡിയോ സ്കൂട്ടർ കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ഡ്രൈവറുടേതാണ് ഈ വാഹനം.

എകെജി സെന്ററില്‍ സ്‌ഫോടക വസ്തു എറിഞ്ഞത് ജിതിനാണെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. നേരത്തെ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ്റിപ്ര, മേനംകുളം, കഴക്കൂട്ടം ഭാഗത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സംഭവത്തില്‍ ജിതിന്റെ പേര് പ്രാരംഭഘട്ടത്തില്‍ ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും തെളിവുകള്‍ ശേഖരിക്കുന്ന ശ്രമങ്ങളിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍.

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. സ്കൂട്ടർ കസ്റ്റഡിയിൽ എടുത്തതോടെ സുപ്രധാന നീക്കമാണ് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്. നിലവിൽ വാഹനം ക്രൈംബ്രാഞ്ച് ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്കെതിരെ ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ടെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും അതിനാല്‍ ജിതിന് ജാമ്യം നല്‍കരുതെന്നുമുളള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി.

ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനുമുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തിന്റെ പരിധിയിലുള്ളവരെ സ്വാധീനിക്കാന്‍ പ്രതി ശ്രമിക്കുമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു. നാലുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിട്ടും നിര്‍ണായകമായ ഒരു തെളിവും കണ്ടെത്താനായില്ലെന്നായിരുന്നെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ജിതിന്റെ അഭിഭാഷകന്റെ വാദം.

 

Leave a Reply

Your email address will not be published. Required fields are marked *