Monday, April 14, 2025
Kerala

എകെജി സെൻ്റർ ആക്രമണ കേസ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി; ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ

 
എകെജി സെൻറർ ആക്രമണ കേസിൽ പ്രതി ജിതിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജിതിൻ്റെ ജാമ്യാപേക്ഷ തള്ളിയത്. എകെജി സെൻറ്റിലേക്ക് ജിതിൻ എറിഞ്ഞത് അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ കേസ് രാഷ്ട്രീയ നാടകമെന്നും മുഖം വ്യക്തമല്ലാത്ത സിസിടിവിയിൽ നിന്ന് എങ്ങനെ ടീഷർട്ടും ഷൂസും തിരിച്ചറിഞ്ഞുവെന്നും പ്രതിഭാഗം വാദിച്ചു. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും എന്ന് ജിതിൻറെ അഭിഭാഷകൻ അറിയിച്ചു.

എകെജി സെൻറ്റിന് നേരെ എറിഞ്ഞത് അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തുവായിരുന്നു. അത് മതിലിൽ വീണത് ഭാഗ്യമായി. അകത്ത് വീണിരുന്നെങ്കിൽ വലിയ ദുരന്തം ഉണ്ടാകുമായിരുന്നു എന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. എന്നാൽ മതിൽകെട്ടിലെ മെറ്റീരിയലിന്റെ ചെറിയൊരു ഭാഗം മാത്രമാണ് തകർന്നതെന്നും എറിഞ്ഞത് ഏറുപടക്കമാണെന്നും അറസ്റ്റ് ചെയ്ത ജിതിന് സംഭവത്തിൽ പങ്കില്ലെന്നും പ്രതി കുറ്റം സമ്മതിച്ചു എന്ന് പറയുന്ന ക്രൈം ബ്രാഞ്ച് അക്രമി സഞ്ചരിച്ച സ്കൂട്ടർ ഹാജരാക്കിയിട്ടില്ല എന്നടക്കമുള്ള കാര്യങ്ങൾ പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. മാത്രമല്ല ഇതൊരു രാഷ്ട്രീയ പ്രേരിതമായ വിഷയമാണ്. ഒരു നാടകമാണ്. അതിൻ്റെ ഭാഗമായി ജിതിനെ പ്രതിയാക്കുകയായിരുന്നുവെന്നും പ്രതിഭാഗം കഴിഞ്ഞ ദിവസം വാദം നടക്കുമ്പോൾ കോടതിയിൽ അറിയിച്ചിരുന്നു.

എന്നാൽ, പ്രോസിക്യൂഷനാവട്ടെ ഇക്കാര്യത്തിൽ ഒരു പടി കൂടി കടന്ന് മറ്റു ചില വാദങ്ങൾ കൂടി ഉന്നയിച്ചു. ഇതിൽ ക്രിമിനൽ കോൺസ്പിറസി ഉണ്ട്. മറ്റുള്ളവരെ കണ്ടെത്തണം. തെളിവെടുക്കണം. ഈ സംഭവവുമായി ബന്ധപ്പെട്ട് വലിയ തരത്തിലുള്ള പ്രകോപനങ്ങൾ അരങ്ങേറി. അതും കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഇതിനു മുൻപും ഇയാൾ പല കേസുകളിലെ പ്രതിയാണെന്നും അതുകൊണ്ട് തന്നെ ഇയാൾ പുറത്തിറങ്ങിയാൽ സാക്ഷികളെ അടക്കം സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്നും പ്രോസിക്യൂഷൻ പറഞ്ഞു. മാത്രമല്ല ഇയാൾക്ക് ജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം ആകുമെന്നും ആപ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചുകൊണ്ടാണ് ജിതിൻ്റെ ആ ജാമ്യം തള്ളിയത്. സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന ജിതിൻ്റെ അഭിഭാഷകർ അറിയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *