‘ആരോഗ്യ മന്ത്രിയുടെ വാക്ക് വിശ്വസിക്കാൻ പറ്റില്ല, കേസിൽ തുടർ നടപടിയില്ല’; മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ യുവതി സമരത്തിലേക്ക്
കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ യുവതി സമരത്തിലേക്ക്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിലിരുന്ന് പ്രതിഷേധിക്കുമെന്ന് അതിജീവിത പറഞ്ഞു.
ആരോഗ്യവകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിക്കാൻ പറ്റില്ലെന്നും കേസിൽ തുടർ നടപടി സ്വീകരിക്കുന്നില്ലെന്നും പീഡനത്തിന് ഇരയായ യുവതി പറഞ്ഞു. പ്രതികളെ സംരക്ഷിക്കാൻ നീക്കം നടക്കുന്നെന്നും പരാതി നൽകാനെത്തിയപ്പോൾ സിറ്റി പൊലീസ് കമ്മീഷണർ മോശമായി പെരുമാറിയെന്നും അതിജീവിത പറഞ്ഞു. കമ്മീഷണർക്ക് എതിരെ ഡിജിപിക്ക് നൽകിയ പരാതിയിൽ നടപടിയില്ലെന്നും യുവതി പറഞ്ഞു.
മാർച്ച് 18നാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചത്. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് പീഡനത്തിന് ഇരയായത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടിയില്ലെന്നാണ് ആക്ഷേപം.