റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം കടയ്ക്കാവൂരിൽ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക്ക് സാബുവാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്.
കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈൻ ബോർഡുകൾ ഉണ്ടായിരുന്നില്ല. ഈ കുഴിയിലേക്ക് കാർ മറിയുകയായിരുന്നു. 6 പേരാണ് കാറിൽ ഉണ്ടായിരുന്നത്. 5 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ സ്വദേശി അക്ഷയ്, കടയ്ക്കാവൂർ സ്വദേശികളായ ബ്രൗണ്, സ്റ്റീഫൻ, കിളിമാനൂർ സ്വദേശി അക്ഷയ്, വക്കം സ്വദേശി വിഷ്ണു എന്നിവർക്കാണ് പരുക്കേറ്റത്. ഇവരിപ്പോഴും ചികിത്സയിൽ തുടരുകയാണ്.
അതേസമയം, ഇന്നലെത്തന്നെ നടന്ന മറ്റൊരു വാഹനാപകടത്തിൽ രണ്ടുപേർക്ക് ജീവന്‍ നഷ്ടമായി. പത്തനംതിട്ട കുളനടയിലായിരുന്നു രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്നത്. നിയന്ത്രണം വിട്ട ജീപ്പ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ജീപ്പ് ഡ്രൈവര്‍ ആയ അഞ്ചല്‍ സ്വദേശി അരുണ്‍കുമാര്‍ (29), ജീപ്പിലെ യാത്രക്കാരി കൊല്ലം കോട്ടയ്ക്കല്‍ സ്വദേശി ലതിക (50) എന്നിവരാണ് മരിച്ചത്.