ലിതാരയുടെ ദുരൂഹമരണം; അന്വേഷണം അവസാനിപ്പിച്ച് ബിഹാർ പൊലീസ്
മലയാളി ബാസ്കറ്റ്ബോൾ താരം കെ.സി.ലിതാരയുടെ ദുരൂഹമരണത്തിൽ അന്വേഷണം അവസാനിപ്പിച്ച് ബിഹാർ പൊലീസ്. കേരളത്തിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. കോച്ച് രവിസിംഗിന്റെ ശാരീരിക , മാനസിക പീഡനമാണ് മരണകാരണമെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.
എന്നാൽ അന്വേഷണത്തിൽ ബിഹാർ പൊലീസ് ഇക്കാര്യം പരിഗണിച്ചിട്ടില്ല. കോച്ചിനെ ഇതുവരെ ചോദ്യം ചെയ്തില്ല. അന്വേഷണ റിപ്പോർട്ടിൽ നടപടിയായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ശംഭുസിംഗ് പറഞ്ഞു. സർക്കാർ ഇടപെടൽ തേടി കുടുംബം കായിക മന്ത്രിക്ക് നിവേദനം നൽകും.
ഏപ്രില്‍ 26നാണ് കെ സി ലിതാരയെ പട്‌നയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഏപ്രില്‍ 27നാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
മരണം നടന്ന ദിവസം ഉച്ചയ്ക്ക് 1.40 ഓടെയാണ് ലിതാരയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ആ സമയം ആരോപണ വിധേയനായ കോച്ച് രവിസിംഗ് ആശുപത്രിയിലുണ്ടായിരുന്നു. അമ്മാവന്‍ രാജീവിന്റെ പരാതിയില്‍ രവി സിംഗിനെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല.