Saturday, January 4, 2025
Kerala

ആറ്റുകാല്‍ പൊങ്കാല ദിവസം ഭക്തജനങ്ങള്‍ അവരവരുടെ വീടുകളില്‍ പൊങ്കാലയിടണം: ക്ഷേത്രം ട്രസ്റ്റ്

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല ദിവസം ഭക്തജനങ്ങള്‍ അവരവരുടെ വീടുകളില്‍ പൊങ്കാലയിടണമെന്ന് അഭ്യര്‍ഥിച്ച് ക്ഷേത്രം ട്രസ്റ്റ്. മറ്റു സ്ഥലങ്ങളിലുള്ളവര്‍ തിരുവനന്തപുരത്തെ ബന്ധു വീടുകളില്‍ പൊങ്കാലയിടാന്‍ എത്തുന്നതും ഒഴിവാക്കണം. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിനാല്‍ പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്ന് പൂജാരിമാരെ നിയോഗിച്ചിട്ടില്ല. നിയന്ത്രണങ്ങളോടെ താലപ്പൊലി നേര്‍ച്ച ഉണ്ടാകുമെങ്കിലും പുറത്തെഴുന്നള്ളിപ്പ് സമയത്ത് നിറപറയെടുക്കലും തട്ട നിവേദ്യവും ഉണ്ടാകില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

ആറ്റുകാല്‍ പൊങ്കാല ദിവസമായ ശനിയാഴ്ച ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ അഗ്‌നി പകരുന്ന സമയത്ത് വീടുകളില്‍ പൊങ്കാല തുടങ്ങാം. നിവേദ്യവും വീടുകളില്‍ തന്നെ. ക്ഷേത്രത്തില്‍ നിന്ന് പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ഷേത്ര ദര്‍ശനത്തിന് തടസമില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്തിനും പന്ത്രണ്ടിനും മധ്യേയുള്ള ബാലികമാര്‍ക്ക് മാത്രമായി താലപ്പൊലി പരിമിതപ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടത്തിന് ഒരു ബാലന്‍ മാത്രം. ഒന്‍പതാം ഉല്‍സവ ദിവസം പൊങ്കാല കഴിഞ്ഞ് രാത്രി എട്ടിന് ദേവി മണക്കാട് ശാസ്താ ക്ഷേത്രത്തിലേയ്ക്ക് എഴുന്നെള്ളും. വഴിയില്‍ നിറപറയെടുക്കല്‍ തട്ട നിവേദ്യം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകില്ല. അന്ന് രാത്രി പതിനൊന്നരയോടെ തന്നെ തിരിച്ചെഴുന്നള്ളുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *