കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയ പങ്കെടുക്കും. പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് നിയമത്തിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും തെരുവിലിറങ്ങുന്നത്.
സമരപരിപാടികൾ ആലോചിക്കാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗവും ഇന്ന് ചേരുന്നുണ്ട്. സംയുക്ത കർഷക സമിതി പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ പ്രതിഷേധം നടത്തുന്നത്. നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചതോടെയാണ് ഇന്ന് നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.
കാർഷിക നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിന് വേണ്ടിയാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ സർക്കാർ ആലോചിച്ചത്. എന്നാൽ സർക്കാർ ശുപാർശ ഗവർണർ തള്ളുകയായിരുന്നു. ഗവർണറുടെ തീരുമാനത്തെ ശക്തമായി പ്രതിരോധിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഇത് ബനാന റിപബ്ലിക്കല്ലെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പരസ്യമായി വിമർശിച്ചിരുന്നു. കേന്ദ്രനിയമഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്നാണ് സർക്കാർ നിലപാട്. ബദൽ നിയമനിർമാണത്തെ കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. കേന്ദ്രത്തിനെതിരായ സമരായുധമായി ഗവർണറുടെ തീരുമാനത്തെ സർക്കാർ മാറ്റും. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്.