Sunday, April 13, 2025
Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്; തീക്കട്ടയിൽ ഉറുമ്പരിക്കുന്നു, അന്വേഷിച്ചാൽ സിപിഐഎം പങ്ക് പുറത്ത് വരും; വി ഡി സതീശൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ അനേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തീക്കട്ടയിൽ ഉറുമ്പരിക്കുന്ന അവസ്ഥയാണ്. പ്രളയ ഫണ്ട് പോലെ ഇതും തട്ടിയെടുക്കും. കുട്ടികൾ കുടുക്ക പൊട്ടിച്ച് നൽകിയ പണമാണത്. അന്വേഷിച്ചാൽ സിപിഐഎം പങ്ക് പുറത്ത് വരുമെന്നും വി ഡി സതീശൻ പറഞ്ഞു.

എറണകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അപേക്ഷകളില്‍ പരിശോധന നടത്തി ഫണ്ട് നല്‍കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. എന്നാല്‍ കളക്ട്രേറ്റുകളില്‍ ഏജന്റുമാര്‍ നല്‍കുന്ന വ്യാജ അപേക്ഷകളിലാണ് ലക്ഷക്കണക്കിന് രൂപ അനുവദിച്ചിരിക്കുന്നത്.

പ്രത്യേക സംഘത്തെ നിയോഗിച്ച് മുഴുവന്‍ ഫയലുകളും പരിശോധിച്ച് അന്വേഷണം നടത്തണം. സിപിഐഎമ്മിന് വേണ്ടപ്പെട്ടവരും ഈ തട്ടിപ്പിന് പിന്നിലുണ്ട്. പ്രളയ ഫണ്ട് തട്ടിപ്പിലേതു പോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിലും ഉള്‍പ്പെട്ടിരിക്കുന്ന സിപിഐഎമ്മുകാരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കരുത്. അതുകൊണ്ടു തന്നെ അന്വേഷണത്തെ പ്രതിപക്ഷം ഗൗരവത്തോടെ നിരീക്ഷിക്കും. പ്രതികളെ എന്തെങ്കിലും തരത്തിൽ രക്ഷപ്പെടുത്താൻ ശ്രമമുണ്ടായാല്‍ അതിനെതിരെ യു.ഡി.എഫ് രംഗത്തിറങ്ങുമെന്നും വി ഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ക്രമക്കേട് നടന്ന സംഭവത്തിൽ വിജിലൻസ് റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. അർഹിക്കുന്ന ആർക്കും സഹായം നഷ്ടമാകില്ല. സിഎംഡിആർഎഫിൽ ആകെ ക്രമക്കേടെന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

വിജിലൻസ് റിപ്പോർട്ട് വരട്ടെ. കുറ്റക്കാർക്കെതിരെ കർശനമായ തുടർനടപടി സ്വീകരിക്കും. അതിന്റെ പേരിൽ മുഖ്യമന്ത്രിയുടെ സഹായം അർഹിക്കുന്ന ആർക്കും ലഭിക്കില്ല എന്ന ആശങ്ക വേണ്ടെന്നും മന്ത്രി വ്യകത്മാക്കി.

അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ ഏജന്റുമാർ ഇടനിലക്കാരാകുന്നുവെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു. കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് അറിയാൻ വിശദമായ പരിശോധന ഇന്നും നാളെയും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംഘടിതമായ തട്ടിപ്പെന്നാണ് മനസ്സിലാക്കുന്നത്.

ഏജൻറുമാർ തട്ടിപ്പ് നടത്തി. തട്ടിപ്പിന് പിന്നിൽ സംഘടിതമായ ശ്രമുണ്ട്. ഇതുവരെ രണ്ട് വർഷം പുറകോട്ടുള്ള ഫയലുകൾ പരിശോധിച്ചു. കൂടുതൽ കാലം പുറകോട്ട് പോയി ഫയലുകൾ പരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.ഓപ്പറേഷൻ സിഎംഡിആർഎഫ് വിജിലൻസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടത്തിയതെന്ന് മനോജ് എബ്രഹാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *