ദിലീപ് ഗൂഢാലോചന നടത്തിയത് മേത്തർ ഹോംസിന്റെ ഫ്‌ളാറ്റിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയത് എറണാകുളം എംജി റോഡിലെ മേത്തർ ഹോംസിന്റെ ഫ്‌ളാറ്റിലെന്ന് റിപ്പോർട്ട്. പ്രതികൾ ഇവിടെയാണ് ഒത്തുകൂടിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഒന്നിച്ചുകൂടി ഗൂഢാലോചന നടത്തിയെന്നാണഅ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ
2017 ഡിസംബർ മാസത്തിലാണ് ഇവർ ഒത്തുകൂടിയത്. മേത്തർ ഹോംസിന്റെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ ദിലീപിന്റെ ഫ്‌ളാറ്റുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ചാണ് ഇവിടെ വെച്ച് ആലോചന നടന്നത്. ഈ സമയത്തെ മൂന്ന് പേരുടെയും മൊബൈൽ ടവർ ലോക്കേഷനുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
അതേസമയം ദിലീപിന്റെ മുൻഭാര്യ മഞ്ജു വാര്യരിൽ നിന്ന് അന്വേഷണ സംഘം ഫോണിലൂടെ വിവരങ്ങൾ തേടി. മുൻ ഭാര്യയും അഭിഭാഷകരുമായുള്ള ഫോൺ സംഭാഷണങ്ങൾ ഉള്ളതിനാൽ ഫോൺ ഹാജരാക്കാനാകില്ലെന്നാണ് ദിലീപ് കോടതിയിൽ പറഞ്ഞത്. എന്നാൽ അത്തരത്തിലുള്ള സ്വകാര്യ സംഭാഷണങ്ങൾ നടന്നിട്ടില്ലെന്നും മകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നോ രണ്ടോ വട്ടം സംസാരിച്ചെന്നുമാണ് മഞ്ജു വാര്യർ നൽകിയ മറുപടി.