കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപം തള്ളിയ മാലിന്യം നീക്കി തുടങ്ങി
പാലക്കാട് കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപത്ത് സ്വകാര്യ വ്യക്തി നിക്ഷേപിച്ച മാലിന്യം നീക്കി തുടങ്ങി. പത്തോളം ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാനാകുന്നിടത്ത് സ്വകാര്യ വ്യക്തി മാലിന്യം തള്ളുകയായിരുന്നു. ഇതേതുടര്‍ന്ന് ലിങ്ക് റോഡിലാണ് ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്നത്. ജെസിബി ഉപയോഗിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.
കെഎസ്ആര്‍ടിസിയുടെ ഗ്യാരേജിന് സമീപത്തായാണ് സ്വകാര്യവ്യക്തി ടണ്‍ കണക്കിന് മാലിന്യങ്ങള്‍ നിക്ഷേപിച്ചത്. ബില്‍ഡിംഗ് വേസ്റ്റും, കക്കൂസ് മാലിന്യവും ഉള്‍പ്പെടെ കെഎസ്ആര്‍ടിസിയുടെ ഭൂമിയില്‍ തട്ടി. പുതിയ ടെര്‍മിനല്‍ പണി പൂര്‍ത്തിയാകുമ്പോള്‍ കുഴിയടക്കാന്‍ വേണ്ടി നീക്കിവച്ച കെട്ടിടാവശിഷ്ടമെന്നാണ് വിശദീകരണമെങ്കിലും കുഴിയടക്കാന്‍ ഇവ ഉപയോഗിച്ചതുമില്ല കക്കൂസ് മാലിന്യങ്ങള്‍ അടക്കം കെഎസ്ആര്‍ടിസി ഭൂമിയില്‍ കെട്ടിക്കിടക്കാനും തുടങ്ങി.
ബസ്റ്റാന്‍ഡ് ഉദ്ഘാടനം കഴിഞ്ഞിട്ടും സ്ഥലപരിമിതി മൂലം ബസുകള്‍ ഇപ്പോഴും ലിങ്ക് റോഡില്‍ തന്നെ ആണ് നിര്‍ത്തിയിടുന്നത്. പത്തോളം ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാനാകുന്ന സ്ഥലത്താണ് മാലിന്യങ്ങള്‍ കുന്ന് പോലെ കൂട്ടിയിട്ടത്. ട്വന്റി ഫോര്‍ വാര്‍ത്തക്ക് പിന്നാലെ ഇന്ന് രാവിലെ 10 മണിയേടെ മാലിന്യ നീക്കം ആരംഭിച്ചു. മാലിന്യം നിക്ഷേപിക്കാന്‍ അനുമതി നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ പറയുന്നത്.
കെഎസ്ആര്‍ടിസി ബസുകള്‍ പുതിയ ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമായിട്ടും ലിങ്ക് റോഡില്‍ തന്നെ പാര്‍ക്ക് ചെയ്യുന്നത് മറ്റ് വാഹനയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.