കൊച്ചിയില്‍ ഭിക്ഷാടനം നടത്തുന്ന കുട്ടികളെ ഏറ്റെടുത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന്‍
കൊച്ചി മറൈന്‍ ഡ്രൈവിലും സമീപ പരിസരത്തും ഭിക്ഷാടനം നടത്തുന്ന കുട്ടികളെ ഏറ്റെടുത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍. സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷന്റെ നേതൃത്വത്തിലാണ് നടപടികള്‍. കുട്ടികളെ കണ്ടെത്താനായി എംജി റോഡിലും സിഗ്നലുകളിലും എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലും പരിശോധന നടത്തും. ഭിക്ഷാടനം നടത്തുന്ന, കണ്ടെത്തിയ കുട്ടികളെ കാക്കനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന്‍ ഓഫീസിലേക്ക് മാറ്റി.
തെരുവില്‍ അലയുന്ന നാടോടി കുട്ടികളെ പുനരധിവസിപ്പിക്കണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റോഡരികില്‍ കിടന്നുറങ്ങുന്ന കുട്ടികള്‍ക്ക് സംരക്ഷണവും പരിചരണവും ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഭിക്ഷ യാചിക്കല്‍, സാധനങ്ങള്‍ വില്‍ക്കല്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികളെ ഷെല്‍ട്ടര്‍ ഹോമുകളില്‍ പാര്‍പ്പിക്കുകയോ, സ്വദേശത്തേക്ക് മടക്കി അയക്കുകയോ ചെയ്യണം. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു.