Friday, October 18, 2024
Kerala

സുരക്ഷ മുഖ്യം; ഹര്‍ത്താല്‍ ദിനത്തില്‍ ഹെല്‍മറ്റ് ഇട്ട് വണ്ടിയോടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താലിനിടെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ വിഡിയോ വൈറലാകുന്നു. എറണാകുളം ആലുവയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ഡ്രൈവറുടെ വീഡിയോയാണ് വൈറലാകുന്നത്. കല്ലേറ് അടക്കമുള്ള ആക്രമണങ്ങള്‍ പ്രതീക്ഷിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സുരക്ഷയുടെ ഭാഗമായി ഹെല്‍മറ്റ് ഇട്ട് വണ്ടിയോടിക്കുന്ന വിഡിയോയാണ് വൈറലാകുന്നത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോ​ഗമിക്കുന്നതിനിടെ വ്യാപക അക്രമ സംഭവങ്ങളാണ് ഉണ്ടാകുന്നത് . പലയിടത്തും കെ എസ് ആർ ടി സി വാഹനങ്ങൾക്ക് നേരെ ഉൾപ്പെടെ കല്ലേറ് ഉണ്ടായി. കോഴിക്കോട്,വയനാട്,തിരുവനന്തപുരം,ആലപ്പുഴ,പന്തളം ,കൊല്ലം ,തൃശൂർ ,കണ്ണൂർ എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായത്.

അതേസമയം ഹര്‍ത്താലിനിടെ ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. അതിനിടെ യാത്രക്കാര്‍ കുറവാണെങ്കിലും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഓട്ടോയും സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ട്. എന്നാല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും.

Leave a Reply

Your email address will not be published.