Tuesday, January 7, 2025
National

മോൺസൺ വിഷയം ലോകസഭയിലും; പുരാവസ്തു വിൽപ്പന നടത്താൻ ലൈസൻസ് ഇല്ലാത്ത വ്യക്തി: കേന്ദ്രമന്ത്രി ജി കിശൻ റെഡ്ഡി

ന്യൂഡൽഹി: പുരാവസ്തു തട്ടിപ്പുകേസിൽ പ്രതിയായ മോൻസൺ മാവുങ്കൽ കേസ് ലോക്‌സഭയിൽ. മോൺസൺ മാവുങ്കൽ പുരാവസ്തു വിൽപ്പന നടത്താനുള്ള രജിസ്‌റ്റേർഡ് ലൈസൻസ് ഇല്ലാത്ത വ്യക്തിയാണെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എംപി ഉന്നയിച്ച ചോദ്യത്തിന് ലോക്സഭയിൽ രേഖാമൂലം സമർപ്പിച്ച മറുപടിയിൽ ആണ് പരാമർശം.പുരാവസ്തുക്കൾ വിൽക്കാൻ രജിസ്‌റ്റേർഡ് ലൈസൻസ് പോലും ഇല്ലാത്ത വ്യക്തിയാണ് മോൻസൺ.

1972 ലെ പുരാവസ്തുക്കൾ, പുരാവസ്തു നിധികൾ സംബന്ധിച്ച് നിയമപ്രകാരം നൽകുന്ന അംഗീകൃത ലൈസൻസ് ഉള്ള വ്യക്തികൾക്ക് മാത്രമേ പുരാവസ്തു വ്യാപാരം നടത്താനാകൂ. എന്നാൽ മോൻസൺ മാവുങ്കലിന് അത്തരം ലൈസൻസ് ഇല്ലെന്ന് കേന്ദ്ര മന്ത്രി മറുപടിയിൽ വിശദീകരിച്ചു. എറണാകുളം സെൻട്രൽ ക്രൈം ബ്രാഞ്ച് യൂണിറ്റ് രണ്ടിന്റെ ആവശ്യപ്രകാരം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ തൃശൂർ സർക്കിളിലെ ഉദ്യോഗസ്ഥർ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളുടെ പരിശോധന നടത്തി.

മോൻസണിൽ നിന്നും പിടിച്ചെടുത്ത വസ്തുക്കൾ നിലവിൽ കേരള പോലീസിന്റെ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ ആണെന്നും മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കി. അതേസമയം മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ ഹൈക്കോടതി ഇടപെടൽ പരിധി വിടുന്നുവെന്ന് സംസ്ഥാന സർക്കാർ വിമർശിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *