Saturday, October 19, 2024
Kerala

ഇടുക്കി ഡാമിൽ റെഡ് അലേർട്ട് പിൻവലിച്ചു; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു

ഇടുക്കി ഡാമിൽ ഇന്നലെ രാത്രി പ്രഖ്യാപിച്ച റെഡ് അലേർട്ട് വീണ്ടും ഓറഞ്ച് അലേർട്ടിലേക്ക് എത്തി. ഡാമിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു. 2398.26 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഈ പശ്ചാത്തലത്തിലാണ് റെഡ് അലേർട്ട് പിൻവലിച്ചത്.

റൂൾ കർവ് പ്രകാരം ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.31 അടിയിൽ എത്തിയപ്പോഴാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ പെയ്യുന്നില്ല. ഇടുക്കിയിൽ പൊതുവേ തെളിഞ്ഞ കാലാവസ്ഥയാണ്.

അതിനിടെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 135.45 അടിയായി ഉയർന്നു. ജലനിരപ്പ് 136 അടിയിൽ എത്തിയാൽ മുല്ലപ്പെരിയാറിൽ ആദ്യ ജാഗ്രതാനിർദേശം പുറപ്പെടുവിക്കും.

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. ഓറഞ്ച് അലേർട്ട് മാറിയെങ്കിലും ജാഗ്രത തുടരാനാണ് നിർദേശം.

തമിഴ്‌നാടിന്റെ തെക്കൻ തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ മലയോര മേഖലകളിൽ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ അതീവ ജാഗ്രത പുലർത്തണണെന്നാണ് നിർദേശം. ഇവിടെ നിന്ന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും. ഈ മാസം 25 വരെയാണ് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ 435 ക്യാമ്പുകളിലായി 8,665 കുടുംബങ്ങളാണുള്ളത്.

Leave a Reply

Your email address will not be published.