കൊച്ചി നഗരത്തില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന, ഏഴ് നർക്കോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്തു, എംഡിഎംഎ പിടികൂടി
കൊച്ചി നഗരത്തില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന.ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ ഏഴ് എന്‍ഡിപിഎസ് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു.
നഗരത്തില്‍ കഴിഞ്ഞ ഒന്നരമാസത്തിനിടെ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് പൊലീസ് സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചത്. സിറ്റി പൊലീസ് കമ്മീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്നലെ രാത്രി നഗരത്തിലെ വിവിധ സബ് ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.
പരിശോധനയ്ക്കിടെ ഏഴ് എന്‍ഡിപിഎസ് കേസുകളും പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ നിന്നും എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. തുടര്‍നടപടികളുടെ ഭാഗമായി ഇന്ന് രാവിലെ മുതല്‍ കൊച്ചിയിലെ ലോഡ്ജുകളിലും പൊലീസ് പരിശോധന ആരംഭിച്ചു. വരുംദിവസങ്ങളിലും രാത്രികളില്‍ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. പൊലീസിന്റെ പ്രത്യേകസംഘം രൂപികരിച്ചും മഫ്തിയിലും പരിശോധന നടത്തി ക്രിമിനല്‍ കുറ്റങ്ങള്‍ തടയുക എന്നരീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തത്.