കോളേജിലെ 60 വിദ്യാർഥികൾക്ക് കോവിഡ്
ബെംഗളൂരു: നഗരത്തിലെ ഒരു കോളേജിൽ 60 വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ശ്രീ ചൈതന്യ ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്കാണ് കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിച്ചത്. കോവിഡ് ബാധിതരായ വിദ്യാർഥികളെ ഹോസ്‌റ്റലുകളിൽ ക്വാറന്റെയ്ൻ ചെയ്‌തിരിക്കുകയാണ്.
കോവിഡ് പൊസീറ്റിവായ വിദ്യാർഥികളിൽ നിരവധി മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മൂന്നാഴ്‌ച മുൻപാണ് ഇവിടെ ക്ളാസ് തുടങ്ങിയത്. നേരത്തെ കേരളത്തിൽ കോവിഡ് വ്യാപനം കൂടിയതിന് ശേഷം സംസ്‌ഥാനത്തേക്ക് പ്രവേശിക്കാൻ കടുത്ത നിയന്ത്രണമാണ് കർണാടക സർക്കാർ ഏർപ്പെടുത്തിയിരുന്നത്.
ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് അതിർത്തി കടത്തിവിടുന്നത്. ഇടക്കാലത്ത് ബെംഗളൂരുവിൽ എത്തുന്ന മലയാളികൾക്ക് നിർബന്ധിത ക്വാറന്റെയ്ൻ ഏർപ്പെടുത്താനും നീക്കമുണ്ടായിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിൽ നേരിയ കുറവുണ്ടായതോടെ കടുത്ത നിയന്ത്രണങ്ങളിലും ഇപ്പോൾ ഇളവ് വന്നിട്ടുണ്ട്.