Tuesday, April 15, 2025
Kerala

പുരാവസ്തു തട്ടിപ്പ് കള്ളപ്പണക്കേസ്: നാളെ ഹാജരാകാൻ കഴിയില്ലെന്ന് ഇഡിക്ക് കത്ത് നൽകി കെ സുധാകരൻ

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ നാളെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യലിന് ഹാജരാകില്ല. പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ളതിനാൽ മറ്റൊരു ദിവസം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ ഡിയ്ക്ക് കത്ത് നൽകി. സെപ്റ്റംബർ 5 ന് ശേഷം എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നാണ് ഇഡിയെ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച മണിക്കൂറുകളോളം കെ സുധാകരനെ ഇഡി ചോദ്യം ചെയ്തിരുന്നു, തുടർന്നാണ് നാളെ ഹാജരാകാൻ നിർദ്ദേശിച്ചത്. 2018ൽ മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് കെ സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു . സമാനമായ ആരോപണം പരാതിക്കാരായ അനൂപ് അഹമ്മദും ഇഡിയ്ക്ക് നൽകിയ പരാതിയിൽ ഉന്നയിച്ചിരുന്നു.

മോൻസൺ മാവുങ്കലിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരൻ നേരത്തെ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് എടുത്ത കേസിൽ കെ. സുധാകരനെ പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്നായിരുന്നു സുധാകരന്‍റെ പ്രതികരണം. അതിനിടെ, പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്. ഐ ജി ലക്ഷ്മണിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് ക്രൈംബ്രാഞ്ച് നടത്തിയത്. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകനാണ് ഐജി ലക്ഷ്മണെന്നും ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇടനിലക്കാരുടെ സംഘം പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണം ഐജി ഹൈക്കോടതയിൽ ഉന്നയിച്ചതിന് പിറകെയാണ് ക്രൈംബ്രാ‌ഞ്ചും നിലപാട് കടുപ്പിച്ചത്.

മുൻ ഡിഐജി എസ് സുരേന്ദ്രനെ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു. 17-ന് ഉച്ചയോടെ ആയിരുന്നു എസ് സുരേന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരായത്. മോൻസൻ മാവുങ്കലുമായുള്ള സാമ്പത്തിക ഇടപാടിലെ കള്ളപ്പണ കേസിന്മേലാണ് നടപടി. മോൻസന്റെ അക്കൗണ്ടിൽ നിന്ന് മുൻ ഡിഐജി എസ് സുരേന്ദ്രന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പല തവണയായി പണം എത്തിയതായി കണ്ടെത്തിയിരുന്നു. എന്നാൽ സാമ്പത്തിക ഇടപാടിൽ പങ്കില്ലെന്നാണ് ഡിഐജി മൊഴി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *