Friday, January 24, 2025
Kerala

പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് വർധിപ്പിച്ചു; വർധനവ് അഞ്ച് മുതൽ 50 രൂപ വരെ

 

പാലിയേക്കര ടോൾപ്ലാസയിൽ നിരക്ക് വർധിപ്പിച്ചു. അഞ്ച് രൂപ മുതൽ 50 രൂപ വരെ വർധനവാണ് വരുത്തിയിരിക്കുന്നത്. കാർ, ജീപ്പ്, വാൻ വിഭാഗങ്ങൾക്ക് ഒരു വശത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയാക്കി ഒന്നിലധികം യാത്രകൾക്ക് 110 രൂപയുണ്ടായിരുന്നത് 120 രൂപയാക്കിയും വർധിപ്പിച്ചു.

പ്രതിമാസ യാത്രാനിരക്കിൽ 10 രൂപ മുതൽ 50 രൂപയുടെ വർധനവുണ്ട്. ഓരോ സാമ്പത്തിക വർഷത്തെയും ദേശീയ മൊത്തനിലവാര സൂചികയിലുണ്ടാകുന്ന മാറ്റത്തെ ആശ്രയിച്ചാണ് വർഷംതോറും സെപ്റ്റംബർ ഒന്നിന് പാലിയേക്കരയിലെ ടോൾ നിരക്ക് പരിഷ്‌ക്കരിക്കുന്നത്. ചെറുകിട ഭാരവാഹനങ്ങൾക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 130 രൂപ എന്നത് 140 ആക്കി വർധിപ്പിച്ചു. ഒന്നിൽ കൂടുതൽ യാത്രയ്ക്കുള്ള നിരക്കിൽ 190 രൂപയായിരുന്നത് 205 രൂപയാക്കി വർധിപ്പിച്ചു.

ബസ്, ട്രക്ക് എന്നിവയുടെ ഒരു ദിശയിലേക്കുള്ള നിരക്ക് 255 രൂപയായിരുന്നത് 275 രൂപയായി ഉയർത്തി. ഒന്നിലേറെ യാത്രയ്ക്ക് 385 രൂപയുണ്ടായിരുന്നത് 415 രൂപയാക്കി വർധിപ്പിച്ചു. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു ദിശയിലേക്ക് 410 രൂപയുണ്ടായിരുന്നത് 445 രൂപയും ഒരു ദിവസം ഒന്നിലേറെ യാത്രയ്ക്ക് 665 രൂപയും എന്ന നിലയിലും വർധിപ്പിച്ചു. കരാറനുസരിച്ചുള്ള പ്രവർത്തികൾ പൂർത്തീകരിച്ചിട്ടില്ലെന്ന ആക്ഷേപത്തിനിടയിലാണ് ടോൾ നിരക്ക് പ്രതിവർഷവും വർധിപ്പിക്കുന്നത്. 2028 വരെ പാലിയേക്കരയിൽ ടോൾ പിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *