പോപുലർ ഫിനാൻസ് തട്ടിപ്പ്: ഡൽഹിയിൽ പിടിയിലായ റോയി ഡാനിയേലിന്റെ മക്കളെ കൊച്ചിയിൽ എത്തിച്ചു
വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ പോപുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്റെ മക്കളെ കൊച്ചിയിൽ എത്തിച്ചു. റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് ഇന്നലെ പിടികൂടിയത്. ഇവർക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഓസ്‌ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലാകുന്നത്. സ്ഥാപനത്തിനെതിരെ കൂടുതൽ പരാതികൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്. സംസ്ഥാന വ്യാപകമായി കേസ് അന്വേഷിക്കേണ്ട സാഹചര്യം വരുന്നതിനാലാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാനൊരുങ്ങുന്നത്.
നിലവിൽ അന്വേഷണം നടക്കുന്നത് കോന്നി, പത്തനംതിട്ട സ്റ്റേഷനുകളിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും പരാതികൾ വന്നുകൊണ്ടിരിക്കുകയാണ്. മുഴുവൻ ശാഖകളിലെയും നിക്ഷേപകരുടെ പൂർണ കണക്കെടുത്താൽ മാത്രമേ കൃത്യമായ വിവരങ്ങൾ പോലീസിന് ലഭിക്കുകയുള്ളു. ഭൂരിഭാഗം പേരും നിക്ഷേപിച്ച തുക പുറത്തുപറയാൻ തയ്യാറായിട്ടില്ല.
സിനിമാ, സീരിയൽ രംഗത്തെ പ്രമുഖരും സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവരും പണം നിക്ഷേപിച്ചവരിലുണ്ട്. പലരും പരാതി നൽകിയിട്ടുമില്ല. സ്ഥാപന ഉടമ റോയി ഡാനിയേൽ പത്തനംതിട്ട സബ് കോടതിയിൽ നൽകിയ പാപ്പർ സ്യൂട്ട് ഹർജി ഫയലിൽ സ്വീകരിച്ചു. ഹർജി സെപ്റ്റംബർ ഏഴിന് കോടതി പരിഗണിക്കും.