അപ്പ പാറയിൽ കോവിഡ് രോഗിയുടെ സന്ദർശനം: പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ്
കൽപ്പറ്റ: അപ്പപ്പാറ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ പിസിആർ ടെസ്റ്റിൽ കോവിഡ് പോസിറ്റീവായ മുൻ ജീവനക്കാരൻ സന്ദർശനം നടത്തിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാന രഹിതമാണെന്നും, ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കണ്ണൂർ ജില്ലയിൽ ജോലി ചെയ്യുന്ന ജീവനക്കാരൻ മുമ്പ് ജോലി ചെയ്ത അപ്പപ്പാറ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഇരുപത്തിയഞ്ചാം തീയതി സന്ദർശനം നടത്തിയിരുന്നു. അദ്ദേഹത്തിൻറെ കോവിഡ് പരിശോധന ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയ സാഹചര്യത്തിലാണ് സന്ദർശനത്തിന് എത്തിയത്. എന്നിരുന്നാലും പിസിആർ ടെസ്റ്റ് റിസൾട്ട് 26ന് വന്നപ്പോൾ അത് പോസിറ്റീവ് ആണെന്ന് അറിയുകയും ഉടൻ അദ്ദേഹവുമായി സമ്പർക്കം ഉണ്ടായ ചുരുക്കംപേരെ അറിയിക്കുകയും അവർ റൂം ക്വാറന്റൈൻ ആവുകയും ചെയ്തിട്ടുണ്ട്. ഡോക്ടറുടെ പ്രൈമറി സമ്പർക്കത്തിൽ ഉള്ള നാലുപേരും പിറ്റേദിവസം തന്നെ നിരീക്ഷണത്തിൽ ആയതുകൊണ്ട് അവരുടെ സെക്കൻഡറി കോൺടാക്ട് ആയ ആളുകളിൽ ആരും തന്നെ കൂടുതൽ റിസ്കുള്ള ഗണത്തിൽ പെടുന്നതുമല്ല. ആശുപത്രിയിൽ അണുബാധയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങൾ അണുനാശനം ചെയ്തു സുരക്ഷിതമാക്കിയിട്ടുമുണ്ട്.അതുകൊണ്ട് പൊതുജനങ്ങളിൽ ആശങ്കയും ഭയവും ഉണ്ടാകേണ്ട ആവശ്യമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.