Saturday, October 19, 2024
Kerala

അരിക്കൊമ്പനെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച; കെ സുധാകരന്‍ എംപി

ഏഴുപേരെ കൊന്നൊടുക്കുകയും അനേകം വീടുകളും കെട്ടിടങ്ങളും തകര്‍ക്കുകയും 2 ദശാബ്ദമായി നാടിനു പേടിസ്വപ്‌നമായി മാറുകയും ചെയ്ത അരിക്കൊമ്പനെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനും വനംവകുപ്പിനും അതീവ ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഒരു നാടുമുഴുവന്‍ പേടിച്ചരണ്ടു കഴിയുമ്പോള്‍ സര്‍ക്കാരും കോടതിയും അതിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ ഉറക്കംതൂങ്ങുകയാണ്.

അരിക്കൊമ്പന്‍ കേസില്‍ ഹൈക്കോടതി മാര്‍ച്ച് 29ന് ജനങ്ങളെ സാരമായി ബാധിക്കുന്ന വിധി പുറപ്പെടുവിച്ചിട്ട് അതിനെതിരേ കോടതിയില്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടൊണെന്ന് ജനങ്ങള്‍ അതിശയിക്കുകയാണ്.

ഒരു നാടു മുഴുവന്‍ മുള്‍മുനയില്‍ നില്ക്കുമ്പോള്‍ സെക്രട്ടേറിയറ്റിലെ താപ്പാനകളും മോഴയാനകളും കാട്ടുന്ന നിസംഗതയാണ് ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കുന്നത്. ഇതു സംബന്ധിച്ച ഒരു ഉന്നതതലയോഗം മുഖ്യമന്ത്രി വിളിച്ചുകൂട്ടിയിട്ടുണ്ടോ? പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത വകുപ്പ് മന്ത്രി ഇതു സംബന്ധിച്ചു നടത്തിയ ഇടപെടലുകള്‍ എന്തൊക്കെയാണ്? ജനങ്ങള്‍ക്ക് ഇതൊക്കെ അറിയാനുള്ള അവകാശമുണ്ടെന്നും അവരുടെ ജീവന്‍വച്ചുള്ള കളിയാണ് നടക്കുന്നതെന്നും സുധാകരന്‍ ചൂണ്ടക്കാട്ടി.

Leave a Reply

Your email address will not be published.