രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു
കൊട്ടാരക്കര : മുത്തശ്ശനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിയ്ക്കൽ റാണി ഭവനത്തിൽ രതീഷ്-ആർച്ച ദമ്പതികളുടെ മകൾ നീലാംബരിയാണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടിന് വീട്ടുമുറ്റത്ത് അമ്മയുടെ അച്ഛൻ ശ്രീജയനൊപ്പം കളിച്ചുകൊണ്ട് നിൽക്കുകയായിരുന്നു കുട്ടി. ഫോൺ വന്നതോടെ ശ്രീജയന്റെ ശ്രദ്ധ മാറി. തിരികെ നോക്കിയപ്പോൾ പാമ്പ് മതിലിനോട് ചേർന്ന ദ്വാരത്തിലേക്ക് കയറുന്നത് കണ്ടു.
കുട്ടിയുടെ കാലിൽ കടിയേറ്റ പാട് കണ്ടതോടെ ഉടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റസ്റ്റോറന്റ് ജീവനക്കാരനാണ് പിതാവ് രതീഷ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. കൊട്ടാരക്കര പൊലീസ് കേസെടുത്തു.