Saturday, October 19, 2024
Kerala

അരിക്കൊമ്പനെ പുനരധിവസിപ്പിക്കുക ഇടുക്കിയിലല്ല : മന്ത്രി എ.കെ ശശീന്ദ്രൻ

അരിക്കൊമ്പനെ പുനരധിവസിപ്പിക്കുക ഇടുക്കിയിലല്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ജനവാസം തീരെ കുറഞ്ഞതും , നല്ല വനമുള്ളതും ഉള്ള മേഖലയിലേക്കാണ് ആനയെ കൊണ്ടു പോകുന്നത്. അരികൊമ്പനെ കൊണ്ടുപോകുന്ന സ്ഥലം വനം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.

ഇടുക്കി ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തിയ അരിക്കൊമ്പൻ 5 ഡോസ് മയക്കുവെടിവെച്ചിട്ടും പൂർണമായും മയങ്ങാത്ത അവസ്ഥയാണ്. വടം ഉപയോ?ഗിച്ച് ആനയുടെ പിൻ കാലുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കുങ്കിയാനകളെ അടുത്തെത്തിച്ചപ്പോഴേക്കും അരിക്കൊമ്പൻ നടന്നകലാൻ ശ്രമിക്കുകയായിരുന്നു. പല തവണ അരിക്കൊമ്പന്റെ കാലുകളിലേക്ക് വടം എറിഞ്ഞെങ്കിലും പരാജയപ്പെട്ടിരുന്നു. ആനയെ പ്രകോപിപ്പിക്കരുതെന്ന കോടതി നിർദേശമുള്ളതിൽ വളരെ സൂക്ഷ്മതയോടെയാണ് വനംവകുപ്പിന്റെ നീക്കം.

നാല് കുങ്കിയാനകളാണ് അരിക്കൊമ്പനെ തളയ്ക്കാൻ രംഗത്തുള്ളത്. കാലുകൾ ബന്ധിച്ച ശേഷം കുങ്കിയാനകൾ അരിക്കൊമ്പനെ തള്ളിനീക്കി വാഹനത്തിൽ കയറ്റേണ്ടതുണ്ട്. അതിന് ശേഷമാകും അരിക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്നത്. ഇനി കൂടുതൽ ഡോസ് മയക്കുവെടി വെക്കാതിരിക്കാനാണ് വനംവകുപ്പ് പരമാവധി ശ്രമിക്കുന്നത്.

അരിക്കൊമ്പനെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ അഭിനന്ദിച്ചു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കാളികളായ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ എല്ലാവിധ പിന്തുണയും നൽകിയ ജനപ്രതിനിധികളെയും നാട്ടുകാരെയും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡോ. അരുൺ സക്കറിയ അരിക്കൊമ്പനെ മയക്കുവെടി വച്ചത്. അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക് നീങ്ങുന്നുവെന്നാണ് വിവരം. അരിക്കൊമ്പന് തൊട്ടരികെ ചക്ക കൊമ്പനും എത്തിയതിനാലായിരുന്നു വെടിവെയ്ക്കാൻ വൈകിയത്. പടക്കം പൊട്ടിച്ച് ചക്കക്കൊമ്പനെ അകറ്റിയ ശേഷമാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. ഒരു കൊമ്പ് ഉയർന്നും ഒന്ന് താഴ്ന്നുമാണ് ആനയെ കാണപ്പെട്ടത്. തുടർന്നാണ് അരിക്കൊമ്പൻ തന്നെയാണ് ഇതെന്നുള്ള നിഗമനത്തിൽ വനം വകുപ്പ് വാച്ചർമാർ എത്തിച്ചേർന്നത്.

Leave a Reply

Your email address will not be published.