അരിക്കൊമ്പനെ മയക്കുവെടി വെച്ച ദൗത്യസംഘത്തെ അഭിനന്ദിച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍; കുങ്കിയാനകളുടെ സഹായത്തോടെ ആനയെ മാറ്റും
ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ അഭിനന്ദിച്ചു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കിയ ജനപ്രതിനിധികളെയും നാട്ടുകാരെയും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. കുങ്കിയാനകളുടെ സഹായത്തോടെ ആനയെ മാറ്റാനുള്ള നടപടികൾ ഉടൻ തന്നെ വനം വകുപ്പ് ആരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പനെ ആദ്യ ഡോസ് മയക്കുവെടി വച്ചത്. അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക് നീങ്ങുന്നുവെന്നാണ് വിവരം. മയക്കുവെടിയേറ്റ ആന പരിഭ്രാന്തനായി ചോല വനത്തിന് അകത്തേയ്ക്ക് പോയിരിക്കുകയാണ്. ഇനി അര മണിക്കൂർ നിർണായകമാണ്. വെടിയേറ്റ ശേഷം എത്ര കിലോമീറ്റർ ദൂരത്തേയ്ക്ക് അരിക്കൊമ്പൻ പോകുമെന്ന് വ്യക്തമല്ല. ആനയെ ട്രാക്ക് ചെയ്യാൻ ശ്രമിക്കുകയാണ് വനം വകുപ്പ്. അരുൺ സക്കറിയയാണ് മയക്കുവെടി വെച്ചത്.
അരിക്കൊമ്പന് തൊട്ടരികെ ചക്ക കൊമ്പനും എത്തിയതിനാലായിരുന്നു വെടിവെയ്ക്കാൻ വൈകിയത്. പടക്കം പൊട്ടിച്ച് ചക്കക്കൊമ്പനെ അകറ്റിയ ശേഷമാണ് അരിക്കൊമ്പനെ ആദ്യ ഡോസ് മയക്കുവെടി വെച്ചത്. ഒരു കൊമ്പ് ഉയർന്നും ഒന്ന് താഴ്ന്നുമാണ് ആനയെ കാണപ്പെട്ടത്. തുടർന്നാണ് അരിക്കൊമ്പൻ തന്നെയാണ് ഇതെന്നുള്ള നിഗമനത്തിൽ വനം വകുപ്പ് വാച്ചർമാർ എത്തിച്ചേർന്നത്.
മറയൂർ കുടിയിലെ ക്യാമ്പിൽ നിന്ന് കുങ്കിയാനകളെ ഇറക്കി കഴിഞ്ഞു. ആനയിറങ്കലിൽ വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു അരിക്കൊമ്പൻ. നാല് കുങ്കിയാനകളെയാണ് സ്ഥലത്തേക്ക് കൊണ്ടുപോയിട്ടുള്ളത്.