വോട്ടെണ്ണൽ ദിവസം ആഘോഷങ്ങൾ ഒഴിവാക്കണം; ഉത്തരവാദിത്വത്തോടെ പെരുമാറാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി
കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രോഗികൾ വലിയ രീതിയിൽ വർധിക്കുന്ന ഘട്ടത്തിൽ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിൽ ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കണം.
വോട്ടെണ്ണൽ ദിവസം വളരെ ഉത്തരവാദിത്വത്തോടെ പെരുമാറാൻ എല്ലാവരും തയ്യാറാകണം. എവിടെയെങ്കിലും കൂട്ടം കൂടി ഇരിക്കാതെ വീടുകളിലിരുന്ന് ഫലപ്രഖ്യാപനം അറിയണം. ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ലാദ പ്രകടനങ്ങളുമായി പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം സൃഷ്ടിക്കുന്ന അവസ്ഥയുണ്ടാകരുത്. രോഗവ്യാപനം വർധിപ്പിക്കാനുള്ള കാരണമായി മാറരുത്.
സാമൂഹ്യ അകലം പാലിക്കാതിരിക്കുന്നതും ആളുകളുമായി അടുത്തിടപെടുന്നതും കൊവിഡ് വ്യാപനം വർധിപ്പിക്കും. അടുത്ത സമ്പർക്കത്തിലൂടെ അല്ലാതെയും കൊവിഡ് വേഗത്തിൽ വ്യാപിക്കുന്നുണ്ട്. ജനിതക വ്യതിയാനം വന്ന വൈറസ് മാസ്‌ക് ധരിക്കാതെ ഒരു മുറിക്കുള്ളിൽ ഇരുന്നാൽ തന്നെ പടരാൻ എളുപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.