3 വർഷത്തെ ഇടവേളയ്ക്ക് ശേഷം സെക്രട്ടേറിയറ്റിലെ സമരഗേറ്റ് വീണ്ടും തുറന്നു; പൊതുജനങ്ങൾക്ക് ഇതുവഴി പ്രവേശനമില്ല
സെക്രട്ടേറിയറ്റിലെ സമരഗേറ്റ് വീണ്ടും തുറന്നു. 3 വർഷമായി അടച്ചിട്ടിരുന്ന നോർത്ത് ഗേറ്റ് ആണ് തുറന്നത്. എന്നാൽ ഇതുവഴി പൊതുജനങ്ങൾക്ക് പ്രവേശിക്കാനാവില്ല. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും സമര ഗേറ്റ് വഴി പ്രവേശിക്കാം. ഭിന്നശേഷികാർക്കും നോർത്ത് ഗേറ്റ് വഴി പ്രവേശനം അനുവദിക്കും. സെക്രട്ടേറിയറ്റിനു വലത് ഭാഗത്തുള്ള സമരഗേറ്റ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വേഗത്തിൽ പ്രവേശിക്കാൻ കഴിയുന്ന പാതയാണ്.
മൂന്നു വർഷം മുമ്പ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ച നോർത്ത് ഗേറ്റാണ് വീണ്ടും തുറന്ന് നൽകുന്നത്. ഗേറ്റ് അടച്ചിട്ടത് നവീകരണത്തിനെന്ന പേരിലായിരുന്നു. എന്നാൽ അതിന് ശേഷം കൊവിഡ് അതിവേഗം പടർന്ന് പിടിച്ച പശ്ചാത്തലത്തിൽ സ്ഥിരമായി ഗേറ്റ് പൂട്ടിയിടുകയായിരുന്നു. പ്രതിപക്ഷ സമരങ്ങൾ തുടർച്ചയായി ഉണ്ടാകുകകൂടി ചെയ്തതോടെയാണ് ഗേറ്റ് തുറക്കുന്നത് പിന്നെയും നീണ്ടത്. നോർത്ത് ഗേറ്റ് തുറന്നാലും സമരം ഉണ്ടാകുമ്പോൾ ബാരിക്കേഡ് കെട്ടി അടക്കാറാണ് പതിവ്.
നോർത്ത് ഗേറ്റ് അടച്ചിട്ടിരുന്നതിനാൽ നിലവിൽ കന്റോൺമെന്റെ് ഗേറ്റ് വഴിയാണ് മുഖ്യമന്ത്രി പിണറായിവിജയൻ ഉൾപ്പടെയുള്ള മന്ത്രിമാർ സെക്രട്ടേറിയറ്റിലേക്ക് കടക്കുന്നത്. പൊതുജനങ്ങൾക്ക് ഇതുവഴി നേരത്തെയും പ്രവേശനം ഉണ്ടായിരുന്നില്ല.