തൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തും; പൊതുജനങ്ങൾക്ക് പ്രവേശനമില്ല
തൃശ്ശൂർ പൂരം ഇത്തവണ ചടങ്ങുകൾ മാത്രമായി നടത്തും. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്. പൊതുജനങ്ങൾക്ക് പൂരത്തിന് പ്രവേശനമുണ്ടാകില്ലെന്നും ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചു
മാനദണ്ഡങ്ങളോടെ പൂരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചതെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇത് മാറ്റുകയായിരുന്നു. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ശതമാനമായി ഉയർന്നിരുന്നു.
പൂരം ആഘോഷമാക്കി തന്നെ നടത്തണമെന്ന ആദ്യ നിലപാടിൽ നിന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ അയവ് വരുത്തിയിരുന്നു. കർശന നിയന്ത്രണങ്ങൾ വേണമെന്ന് പോലീസും നിലപാട് സ്വീകരിച്ചതോടെയാണ് കഴിഞ്ഞ വർഷത്തെ പോലെ ചടങ്ങുകൾ മാത്രമായി പൂരം നടത്താൻ തീരുമാനിച്ചത്.