പറവൂർ മജ്ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റയാൾ മരിച്ചു
പറവൂർ മജ്ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റയാൾ മരിച്ചു. ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന ജോർജ് ആണ് മരിച്ചത്. ആശുപത്രി വിട്ടശേഷമാണ് മരണം. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് നിരവധിയാളുകള്‍ ആശുപത്രിയിലായ സംഭവത്തില്‍ പറവൂരിലെ മജ്ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു . മന്ത്രി വീണാ ജോര്‍ജിന്റെ നിദേശത്തെ തുടര്‍ന്നായിരുന്നു നടപടി.
ഇതിനിടെ ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ മജ്‍ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കാസർകോട് മൈപ്പാടി ഖാഷിദ് മൻസിലിൽ ഹസൈനാർ (50) ആണ് അറസ്റ്റിലായത്.
മജ്‍ലിസ് ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച എഴുപതിലേറെ ആളുകൾക്കാണു ഭക്ഷ്യവിഷബാധ ഉണ്ടായത്.
ഹോട്ടലിന്റെ ഒരു കെട്ടിടത്തിനു മാത്രമേ ലൈസൻസുള്ളൂ. നഗരസഭയുടെ മാസ്റ്റർപ്ലാൻ നിബന്ധനയ്ക്കും കെട്ടിട നിർമാണ ചട്ടങ്ങൾക്കും വിരുദ്ധമായി ഇവർ പ്രധാന കെട്ടിടത്തിനോടു ചേർന്നും മുൻഭാഗത്തുമായി അനധികൃത നിർമാണങ്ങൾ നടത്തി. പരാതികൾ ഉണ്ടായപ്പോൾ അദാലത്ത് സംഘടിപ്പിക്കുകയും പ്രധാന കെട്ടിടത്തോടു ചേർന്നുള്ള നിർമാണത്തിന് 35,000 രൂപ നികുതി ഈടാക്കി യുഎ നമ്പർ നഗരസഭ നൽകിയിട്ടുണ്ടെന്നുമാണു കൗൺസിൽ യോഗത്തിൽ ഉദ്യോഗസ്ഥർ പറഞ്ഞത്. ഹോട്ടലിന്റെ മുൻഭാഗത്തു ടീ സ്റ്റാളും അനധികൃതമായി നിർമിച്ചിരുന്നു.