കളമശ്ശേരിയിൽ പഴകിയ ഇറച്ചി പിടികൂടിയ സംഭവം; ഏതൊക്കെ ഹോട്ടലുകളിൽ വിതരണം ചെയ്തെന്ന രേഖകൾ ലഭിച്ചു
കളമശ്ശേരിയിൽ 500 കിലോ പഴകി ഇറച്ചി പിടികൂടിയ സ്ഥാപനത്തിൽ നിന്ന് ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഇറച്ചി എത്തിച്ചത് എന്ന് രേഖകൾ ലഭിച്ചു. ആരോഗ്യ വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിവരം ലഭിച്ചത്. എറണാകുളത്തെ 30ലധികം ഹോട്ടലുകളിലേക്ക് ഇറച്ചി എത്തിച്ചിരുന്നതായി നഗരസഭ അധികൃതർ പറഞ്ഞു. അതിനിടെ പറവൂരിലെ മജിലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 33 പേർക്ക് ദേഹാസ്വാസ്ഥ്യം തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കളമശ്ശേരിയിലെ ഇറച്ചി സൂക്ഷിച്ചിരുന്ന വീട്ടിൽ നഗരസഭ ആരോഗ്യ വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രേഖകൾ ലഭിച്ചത്. ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഇറച്ചി എത്തിച്ചത് ഉൾപ്പെടെയുള്ള വിവരങ്ങൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. കണ്ടെടുത്ത രേഖകൾ വിശദമായി പരിശോധിക്കുകയാണ്. എറണാകുളത്തെ മുപ്പതിലധികം ഹോട്ടലുകളിലേക്ക് ഇറച്ചി എത്തിച്ചിരുന്നതായി പ്രാഥമിക പരിശോധനയിൽ കണെത്തി എന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി. വീഴ്ച വരുത്തിയ ഹോട്ടലുകൾക്ക് എതിരെ നടപടി ഉണ്ടാകും.
അതിനിടെ പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കുഴിമന്തിയും ഷവർമയും കഴിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ 33 പേരെ പറവൂർ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ഹോട്ടലിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു ഭക്ഷ്യവിഷബാധയാണോ ഉണ്ടായതെന്ന് പരിശോധിക്കുന്നുണ്ട്. ഹോട്ടൽ അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി.