Saturday, October 19, 2024
Kerala

ഓണത്തിനും വിഷുവിനും സാധനങ്ങൾ വില കുറച്ച് നൽകുന്നതല്ല ആസൂത്രണം; ടൂറിസം, ആരോഗ്യം വകുപ്പുകൾക്കെതിരെ ജി സുധാകരൻ

ടൂറിസം ആരോഗ്യം വകുപ്പുകൾക്കെതിരെ തുറന്നടിച്ച് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. ആരോഗ്യമേഖലയിൽ അശ്രദ്ധയും അവഗണനയുമാണ്. മെഡിക്കൽ കോളജുകളിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. ആലപ്പുഴ മെഡിക്കൽ കോളജിന്റെ വികസനം എങ്ങുമെത്തിയില്ല. ഡോക്‌ടേഴ്‌സിനെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

ആരോഗ്യ സംരക്ഷണത്തിനായി മാനദണ്ഡങ്ങൾ പാലിക്കണം. പുതിയ പരിഷ്‌കാരങ്ങൾ വേണം. ഓണത്തിനും വിഷുവിനും സാധനങ്ങൾ വില കുറച്ച് നൽകുന്നതല്ല ആസൂത്രണം. ജില്ലാ ടൂറിസം പ്രൊമോഷനിൽ അഴിമതിയുടെ അയ്യരുകളിയെന്ന് ജി സുധാകരൻ കുറ്റപ്പെടുത്തി. ആലപ്പുഴ സൗഹൃദവേദി സംഘടിപ്പിച്ച സെമിനാറിലാണ് സുധാകരൻ ഇക്കാര്യങ്ങൾ വിമർശിച്ചത്.

അതേസമയം മെഡിക്കൽ കോളജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടന പരിപാടിയിൽ ആദ്യാവസാനം വരെ മുന്നിൽ നിന്ന എന്നെ ഓർക്കാതിരുന്നതിൽ പരിഭവമില്ലെന്ന് ജി സുധാകരൻ പറഞ്ഞിരുന്നു. സമൂഹത്തിനു വേണ്ടിയുള്ള വികസനത്തിൽ ഭാഗമാവാൻ കഴിഞ്ഞതിൽ എനിക്ക് ചാരിതാർഥ്യമുണ്ട്. എന്നാല്‍ ഇതിനായി പ്രവർത്തിച്ച ചിലരെ ഒഴിവാക്കി. ചരിത്ര നിരാസം ചില ഭാരവാഹികൾക്ക് ഏറെ ഇഷ്ടപ്പെട്ട മാനസിക വ്യാപാരമാണ്. പരിപാടിയിൽ മുൻ മന്ത്രി കെ.കെ ശൈലജയേയും ഉൾപ്പെടുത്താമായിരുന്നുവെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published.