Wednesday, April 16, 2025
Kerala

വിവാദം മുറുകുന്നു; ആലപ്പുഴ മെഡി. കോളേജിലെ കെട്ടിട ഉദ്ഘാടനം ചെന്നിത്തലയും കൊടിക്കുന്നിലും ബഹിഷ്കരിക്കും

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കെ വിവാദം മുറുകുന്നു. ചടങ്ങിൽ നിന്ന് രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും പിന്മാറി. ഉദ്ഘാടന പരിപാടിയില്‍ കെ സി വേണുഗോപാലിനെയും ജി സുധാകരനെയും തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് ചെന്നിത്തലയും കൊടിക്കുന്നിലും പരിപാടി ബഹിഷ്കരിക്കുന്നത്. കോൺഗ്രസിൽ നിന്ന് ഇവർ രണ്ട് പേരെയുമാണ് ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനം നിർവഹിക്കുക. ആലപ്പുഴ മെഡിക്കൽ കോളേജിന്‍റെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സിപിഎമ്മിലും പ്രതിഷേധ സ്വരം ഉയർന്നിരുന്നു. തന്നെ ക്ഷണിക്കാത്തതിനെതിരെ എഫ്ബി പോസ്റ്റുമായി മുൻ മന്ത്രി ജി സുധാകരൻ ഇന്നലെ രംഗത്തെത്തിയിരുന്നു. കെ സി വേണുഗോപാലിനെ ഒഴിവാക്കിയതിൽ കോൺഗ്രസ് സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജി സുധാകരന്‍ പ്രതിഷേധം വ്യക്തമാക്കിയത്. നിർമ്മാണത്തിനായി ആദ്യാവസാനം നിന്നവരെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്ന് ജി സുധാകരൻ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

ഷൈലജ ടീച്ചറെയും ഉൾപ്പെടുത്താമായിരുന്നുവെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. പുതിയ ബ്ലോക്കിനായി ആദ്യവസാനം മുന്നിൽ നിന്നയാളാണ് താൻ. തന്നെ ഓർക്കാതിരുന്നതിൽ പരിഭവമില്ല. വഴിയരികിലെ ഫ്ലക്സുകളിലല്ല ജനഹൃദയങ്ങളിലെ ഫ്ലക്സുകളാണ് പ്രധാനം. ചരിത്ര നിരാസം ചില ഭാരവാഹികൾക്ക് ഏറെ ഇഷ്ടപ്പെട്ട മാനസിക വ്യാപാരമാണെന്നും ജി സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *