സിപിഐഎമ്മും സംഘപരിവാറും തമ്മിൽ അവിഹിത ബന്ധം, ഇടനിലക്കാർ സജീവം; വി.ഡി സതീശൻ
ഭാരത് ജോഡോ യാത്ര യഥാർത്ഥ രാഹുൽ ഗാന്ധി ആരെന്ന് കാട്ടിക്കൊടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിലെ സിപിഐഎമ്മും ഡൽഹിയിലെ സംഘപരിവാറും തമ്മിൽ അവിഹിതമായ ബന്ധമുണ്ട്. അതിൽ ഇടനിലക്കാരും ഉണ്ട്. ഗവർണർ – സർക്കാർ സന്ധി അതിന്റെ ഭാഗമായി നടന്ന കാര്യമാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എല്ലോയിപ്പോഴും സംസ്ഥാന സർക്കാരിനെ രക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ഭാരത് ജോഡോ യാത്രയുടെ തുടക്കത്തിൽ ബിജെപിയോട് ഒപ്പം ചേർന്നുനിന്ന് സിപിഐഎം രാഹുൽ ഗാന്ധിയെ അപമാനിക്കാൻ ശ്രമിച്ചു. കണ്ടെയ്നർ ജാഥ എന്നുവരെ വിളിച്ച് ആക്ഷേപിച്ചു. സിപിഐഎമ്മിന്റെ ദേശീയ നേതൃത്വം കേരള നേതൃത്വത്തിന്റെ ചൊൽപ്പടിയിലാണ്. പ്രതിപക്ഷത്തിന്റെ നിലപാടാണ് ശരിയെന്ന് കാലം തെളിയിച്ചു.
കേരളത്തിൽ ഭരണസ്തംഭനമുണ്ടെന്ന ഗണേഷ് കുമാറിന്റെ വിമർശനം തീർത്തും ശരിയാണ്. യുവജവ കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന്റെ പിഎച്ച്ഡിയെപ്പറ്റി സിപിഐഎമ്മും സർവകലാശാലയും പരിശോധിക്കട്ടെ. ചിന്തയ്ക്കെതിരെ ഉയർന്നിരിക്കുന്നത് ഗുരുതരമായ ആരോപണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരും ഗവർണറും തമ്മിൽ ഒത്തുകളിയാണെന്ന് ആവർത്തിച്ച് ആരോപിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണറെ കൊണ്ട് നയപ്രഖ്യാപനം വായിപ്പിക്കില്ലെന്ന് വരെ പറഞ്ഞ സർക്കാരാണ് ഗവർണറുമായി ധാരണയിലെത്തിയത്. ഇവർ തമ്മിൽ നല്ല ഇടപെടലുകളും ധാരണകളുമുണ്ട്. സർക്കാർ ഗവർണറുമായി ചേർന്ന് പരസ്പരം കൊടുക്കൽ വാങ്ങൽ നടത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
‘ഗവർണറോട് സർക്കാരിനെ വിമർശിക്കാൻ ഞങ്ങളാരും പറഞ്ഞിട്ടില്ല. പ്രതിപക്ഷത്തിന്റെ ജോലി ഞങ്ങൾ ചെയ്‌തോളാം. അത് ഗവർണർ ഏറ്റെടുക്കേണ്ടതില്ല. നിയമനിർമാണം ഉൾപ്പെടെ സർക്കാർ ചെയ്യുന്ന തെറ്റായ കാര്യങ്ങളെയാണ് ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഗവർണറുടെയോ സർക്കാരിന്റെ പക്ഷം ഞങ്ങൾ പിടിക്കില്ല. ഇരുവരും ഒത്തുകളിക്കുകയാണെന്നാണ് അന്നും ഇന്നും ഞങ്ങൾ പറയുന്നത്. നയപ്രഖ്യാപനം കഴിഞ്ഞതോടെ അത് ജനങ്ങൾക്കും മനസിലായി’. വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.