വടക്കഞ്ചേരി ബസപകടം; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
വടക്കഞ്ചേരി ബസപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ ഗതാഗത കമ്മീഷണർ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിയമലംഘനം നടത്തിയിട്ടുള്ള വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കിയതു സംബന്ധിച്ച വിശദാംശങ്ങളാണ് ഗതാഗത കമ്മീഷണർ നേരിട്ട് ഹാജരായി വിശദീകരിക്കേണ്ടത്. നടപടിയുടെ ഭാഗമായി 448 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയെന്ന് കഴിഞ്ഞ ആഴ്ച്ച മോട്ടോർ വാഹന വകുപ്പ് കോടതിയെ അറിയിച്ചിരുന്നു.
സംസ്ഥാനമെമ്പാടും നടത്തിയ പരിശോധനാ നടപടിയുടെ വിശദാംശങ്ങളും മോട്ടോർ വാഹനവകുപ്പ് കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ രക്തത്തിൽ ലഹരി സാന്നിധ്യം ഇല്ലെന്ന് റിപ്പോർട്ട് വന്നിരുന്നു. കാക്കനാട് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. അപകടം നടന്ന് മണിക്കൂറുകൾ വൈകിയാണ് ജോമോന്റെ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചത്.
കേസിലെ ഒന്നാം പ്രതിയായ ജോമോൻ അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. മദ്യം മാത്രമല്ല, മറ്റ് എന്തെങ്കിലും ലഹരി ഇയാൾ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനായിരുന്നു കാക്കനാട്ടെ ലാബിൽ പരിശോധന നടത്തിയത്.