വടക്കഞ്ചേരി അപകടം; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
വടക്കഞ്ചേരി അപകടത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗതാഗത കമ്മീഷണർ, റോഡ് സുരക്ഷാ കമ്മീഷണർ എന്നിവരോട് ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് 1.45 നാണ് കേസ് പരിഗണിക്കുക. നേരിട്ട് വരാൻ കഴിഞ്ഞില്ലെങ്കിൽ ഓൺലൈൻ ആയി ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ട്രാൻസ്‌പോർട്ട് കമ്മീഷണർ വിശദീകരിക്കും. വടക്കഞ്ചേരി അപകടം സംബന്ധിച്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോർട്ട് തേടിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ നിരോധിക്കണമെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ല. അങ്ങനെയുള്ള വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വിനോദ യാത്രയ്ക്ക് പോയ മറ്റൊരു ടൂറിസ്റ്റ് ബസ് മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. സ്പീഡോ മീറ്റർ ഇല്ലാത്ത ബസാണ് വിനോദയാത്രയ്ക്ക് എത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
കൊട്ടാരക്കര തലച്ചിറയിലെ സ്വകാര്യ കോളജിലെ വിനോദ യാത്രയാണ് മോട്ടർ വാഹന വകുപ്പ് തടഞ്ഞത്. ലണ്ടൻ എന്ന് പേരുള്ള ടൂറിസ്റ്റ് ബസാണ് പിടിച്ചെടുത്തത്. ബസിൽ നിരോധിത ലേസർ ലൈറ്റും, ശബ്ദഉപകരങ്ങളും ഘടിപ്പിച്ചിട്ടുണ്ടെന്ന് മോട്ടർ വാഹന വകുപ്പ് പറയുന്നു.
വടക്കഞ്ചേരി അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. അപകടത്തിന് ശേഷം കടന്നു കളഞ്ഞ ജോമോനെ തിരുവനന്തപുരത്തേയ്ക്ക് സഞ്ചരിക്കവേ കൊല്ലം ചവറയിൽ നിന്നാണ് ഇന്നലെ പിടികൂടിയത്. പാലക്കാട് നിന്ന് കടന്നുകളഞ്ഞത് സ്വിഫ്റ്റ് കാറിലാണെന്നും ജോമോൻ പിടിയിലാകുമ്പോൾ പരിക്കുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. ഒപ്പം ഉണ്ടായിരുന്ന 2 പേരും പിടിയിലായി.
ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. കെഎസ്ആർടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് പുറകിൽ ചെന്ന് ഇടിച്ചതെന്നാണ് ജോമോൻ പറയുന്നത്. ഡ്രൈവിംഗ് സമയത്ത് ഉറങ്ങിപ്പോയിട്ടില്ലെന്നും കെഎസ്ആർടിസി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നുമാണ് വിശദീകരണം. വളരെക്കാലമായി താൻ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നുമാണ് ഇയാൾ പറയുന്നത്.