Sunday, April 13, 2025
Top News

മകളുടെ വിവാഹത്തലേന്ന് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; തെളിവെടുപ്പിനിടെ വൈകാരിക പ്രതിഷേധം, ആക്രോശിച്ച് ബന്ധുക്കൾ

വർക്കലയിൽ കല്യാണ തലേന്ന് പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ വടശേരിക്കോണത്തെ വീട്ടിലെത്തിച്ചു തെളിവെടുത്തു. ബന്ധുക്കളുടെ വൈകാരിക പ്രതിഷേധങ്ങൾക്കിടെ തിരക്കിട്ടു തെളിവെടുപ്പ് പൂർത്തിയാക്കുകയായിരുന്നു. പ്രതികളെ വാഹനത്തിൽ നിന്ന് പുറത്തിറക്കാതെ തെളിവെടുപ്പ് നടത്തിയത്തിൽ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി.

രാവിലെ പതിനൊന്നുമണിയോടെയാണ് പ്രതികളായ ജിഷ്ണു, ജിതിൻ, മനു, ശ്യാം എന്നിവരെ ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. പിന്നാലെ പ്രതികളെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോടതിയിൽ നിന്ന് പൊലീസ് നേരെ തെളിവെടുപ്പിനെത്തിച്ചു. ആദ്യം പ്രതികൾ ഗൂഢാലോചന നടത്തിയ വർക്കല ക്ലിഫിലെ ബാറിലും വഴിയരികിലെ കടയിലും തെളിവെടുപ്പ് നടത്തി. പിന്നാലെ വടശേരിക്കോണത്തെ വീട്ടിലേക്ക് പ്രതികളുമായി പൊലീസ് എത്തിയതോടെ വൈകാരികമായ കാഴ്ചകൾ അരങ്ങേറി.

ഏറെ പണിപ്പെട്ടാണ് പ്രതികളെ വാഹനത്തിൽ നിന്ന് പുറത്തിറക്കാതെ തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് മടങ്ങിയത്. ഇതോടെ തെളിവെടുപ്പ് പ്രഹസ്വനമെന്ന് ബന്ധുക്കൾ വിമർശിച്ചു. കേസിൽ മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.
മകളെ വിവാഹം കഴിച്ചു നൽകാത്തതിലുള്ള വൈരാഗ്യമായിരുന്നു കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *