എ, ഐഗ്രൂപ്പ്, ഇരു ഗ്രൂപ്പില്‍ നിന്ന് വിമതരും; യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. ഒരുമാസം നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ കണ്ടെത്തുന്നത്. തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ഗ്രൂപ്പ് യോഗങ്ങള്‍ സജീവമായതോടെ പാര്‍ട്ടിയിലെ ഐക്യം നഷ്ടമായെന്ന പരാതി ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.
വാശിയേറിയ തെരഞ്ഞെടുപ്പിനുള്ള ഡിജിറ്റല്‍ പോസ്റ്ററുകള്‍ നിറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പില്‍ നിന്ന് അബിന്‍ വര്‍ക്കിയുമാണ് ഏറ്റുമുട്ടുന്നത്. ഇരു ഗ്രൂപ്പില്‍ നിന്നും വിമതരും സജീവം. ഗ്രൂപ്പിലാതെ മത്സരിക്കുന്നവര്‍ക്കും കുറവില്ല. മണ്ഡലം പ്രസിഡന്‍റ് മുതല്‍ സംസ്ഥാന പ്രസിഡന്‍റ് വരെയുള്ള ആറുവോട്ടുകളാണ് ഒരാള്‍ക്കുളളത്. ഒരുമാസം വോട്ടെടുപ്പ് നീണ്ടുനില്‍ക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്താണ് യൂത്ത് കോണ്‍ഗ്രസില്‍ അംഗമാകേണ്ടത്. തിരഞ്ഞെടുപ്പ് വോട്ടര്‍ ഐഡിയും ഫോട്ടോയും വേണം. യൂത്തുകോണ്‍ഗ്രസ് അംഗമാകാന്‍ തയ്യാറാണെന്ന് പറയുന്ന എട്ടുസെക്കന്‍റ് വീഡിയോയും അപ്ലോഡ് ചെയ്യണം. അംഗത്വഫീസ് 50 രൂപ. സംസ്ഥാന വ്യാപകമായി ഗ്രൂപ്പുയോഗങ്ങള്‍ ചേര്‍ന്നാണ് സ്ഥാനാര്‍ഥികള്‍ക്കായുള്ള വോട്ടുറപ്പിക്കുന്നത്.
കെ സുധാകരന്‍, വിഡി സതീശന്‍, കെസി വേണുഗോപാല്‍ പക്ഷങ്ങള്‍ക്ക് പ്രത്യേകം സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ വിശാല ഐ ഗ്രൂപ്പിനുള്ള ശ്രമങ്ങളാണ് ഒരുപക്ഷത്ത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഒന്നിച്ചുപോകുകയാണ് എ ഗ്രൂപ്പ്. വിഡി സതീശന്‍റെ പിന്തുണകൂടി രാഹുല്‍ മാങ്കൂട്ടത്തിന് കിട്ടിയേക്കും. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ഷാഫി പറമ്പിലാണ് എ ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.